ബംഗാൾ പ്രളയം: സന്ദർശിക്കാനെത്തിയ ബിജെപി എംപിക്ക് ക്രൂരമർദനം; വാഹനം തകർത്തു
Monday, October 6, 2025 5:13 PM IST
കോൽക്കത്ത: പശ്ചിമബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബിജെപി എംപിയേയും മറ്റ് നേതാക്കളേയും കല്ലെറിഞ്ഞ് ഓടിച്ച് ജനക്കൂട്ടം.
മാള്‍ഡ ഉത്തരയില്‍നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും.
ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
അവരുടെ വാഹനവും തകര്‍ക്കപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥിതിയിലുള്ള മുര്‍മുവിന്റെ ദൃശ്യങ്ങളടക്കം ശങ്കര്‍ ഘോഷ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവരം പുറത്തറിഞ്ഞത്
"ഖഗന്‍ദാ വാഹനത്തില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയാണ്. കാറിന്റെ ഒരു ഗ്ലാസ് പോലും ബാക്കിയില്ല. കാറിനുള്ളില്‍ എല്ലായിടത്തും തകര്‍ന്ന ചില്ലുകളും കല്ലുകളുമാണ്. അടിയന്തര വൈദ്യസഹായത്തിനായി ഞങ്ങള്‍ ഉടന്‍ തന്നെ ഇവിടെ നിന്ന് പോകുകയാണ്'. മുര്‍മുവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് പങ്കുവെച്ച വീഡിയോയില്‍ ഘോഷ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണെന്ന് ബിജെപി ആരോപിച്ചു.