പോലീസിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല; തെറ്റിനെതിരെ കടുത്ത നടപടിയെടുക്കും: മുഖ്യമന്ത്രി
Monday, October 6, 2025 5:27 PM IST
തിരുവനന്തപുരം: പോലീസുകാർ തെറ്റുചെയ്താൽ കടുത്ത നടപടിയെടുക്കുമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല. പോലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാൻ ആരുടേയും അനുമതിക്കായി കാത്തുനിൽക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ അതിന്റെ അന്തസത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പോലീസുകാർ. അത് ഭംഗിയായി നിർവഹിക്കുന്നുമുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
തെറ്റായ നടപടികളും അക്രമങ്ങളും വരെ ഉണ്ടാകുന്നു. എന്നാൽ സമാധാന അന്തരീക്ഷം നിലനിർത്തിപ്പോകാൻ പോലീസിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.