മന്ത്രി ഗണേഷ് കുമാർ ശകാരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ കുഴഞ്ഞുവീണു
Monday, October 6, 2025 5:53 PM IST
കോട്ടയം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വഴിയിൽ തടഞ്ഞുനിർത്തി ശകാരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.
ഇന്ന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് സർവീസിനിടെ ബസിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ജയ്മോൻ ജോസഫിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് സഹപ്രവർത്തകർ അറിയിച്ചു.
ഇന്നലെയാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫ്, സൂപ്പർവൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.
അതേസമയം, ബസിനുള്ളിൽ കുപ്പിവെള്ള ബോട്ടിലുകൾ സൂക്ഷിച്ചതിന് കെഎസ്ആർടിസി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടർന്നാണ് യൂണിയന്റെ തീരുമാനം.