മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്തതിൽ വിമർശനവുമായി ഐഎംഎ
Monday, October 6, 2025 7:25 PM IST
ന്യൂഡൽഹി: 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ).
ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും മരുന്ന് നിർമാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം.
മരുന്നിൽ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയും. വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി അടങ്ങിയ കഫ്സിറപ്പുകൾ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്. പൊതുജനങ്ങളിൽ ആത്മവിശ്വാസം നൽകുന്നതിന് പകരം പ്രശ്നങ്ങളുണ്ടാക്കുന്നു. ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.
കുട്ടികളുടെ മരണത്തിന് ഉത്തരവാദി അധികാരികളും മരുന്ന് നിർമാതാക്കളുമാണ്. ആരോഗ്യപ്രവർത്തകർക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐഎംഎ വ്യക്തമാക്കി.
അതേസമയം, കോൾഡ്രിഫ് മരുന്ന് കഴിച്ചവരിൽ മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ സോണി, മരണകാരിയായ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പോലീസ് പറയുന്നത്.
തമിഴ്നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉൽപ്പാദിപ്പിച്ചത്. ഇവർക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പിൽ 48.6 ശതമാനം ബ്രേക്ക് ഓയിൽ അടങ്ങിയെന്നായിരുന്നു കണ്ടെത്തൽ.