മാത്യു കുഴല്‍നാടന്റെ നീക്കം സംശയകരം; സുപ്രീം കോടതിയില്‍ നടന്നത് നാടകം: ഷോണ്‍ ജോര്‍ജ്
Monday, October 6, 2025 11:34 PM IST
കൊച്ചി: മാസപ്പടിക്കേസിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ മാത്യു കുഴല്നാടൻ എംഎൽഎയുടെ നീക്കം സംശയകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്നാടന് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.
രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്.
എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസിലാകുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.