പോലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച സംഭവം; കൊടുവള്ളി സ്റ്റേഷൻ മുൻ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Thursday, October 9, 2025 1:13 AM IST
കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ ജന്മദിന കേക്ക് മുറിച്ച് വിവാദത്തിലായ പോലീസ് ഉദ്യോഗസ്ഥൻ കെ.പി. അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യൂത്ത് ലീഗ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമായിരുന്നു അഭിലാഷ് കേക്ക് മുറിച്ച് വിവാദത്തിലായത്.
സംഭവത്തിന് പിന്നാലെ കൊടുവള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാൾക്കെതിരെ ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എൻഡിപിഎസ് കേസിലെ പ്രതി ഉൾപ്പെടെയുള്ളവരുമായി അഭിലാഷിന് ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് എഡിജിപി നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ ഗുരുതര അച്ചടക്ക ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ കെ.പി. അഭിലാഷിനെ സസ്പെൻഡ് ചെയ്തത്.