ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കും
Thursday, October 9, 2025 4:14 AM IST
പത്തനംതിട്ട: സ്വർണ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ആറന്മുള ക്ഷേത്രത്തിലെ സ്ട്രോംഗ് റൂം ഇന്ന് തുറന്നു പരിശോധിക്കും. അയിരൂർ സ്വദേശി രാമചന്ദ്രൻ നായർ സമർപ്പിച്ച 58 പവന്റെ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിലാണ് നടപടി.
വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. 2013ലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കൈ ഭാഗത്ത് ഉപയോഗിക്കാൻ രാമചന്ദ്രൻ സ്വർണം സമർപ്പിച്ചത്.
വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ എന്തോ വീണ് പരിക്കുണ്ടായിരുന്നു. അത് മുള കൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു. ഇതറിഞ്ഞ് ദേവസ്വവുമായി ബന്ധപ്പെട്ട അദ്ദേഹം അത് മാറ്റി സ്വർണം പൊതിയാൻ നൽകി. 2013ലാണ് 58 പവൻ സ്വർണം ഉപയോഗിച്ച് വിഗ്രഹം മുഴുവൻ പൊതിഞ്ഞതെന്നും അത് താൻ നേരിട്ട് കണ്ടതാണെന്നും രാമചന്ദ്രൻ നായർ വെളിപ്പെടുത്തി.
എന്നാൽ രണ്ട് വർഷം മുന്പ് വിഗ്രഹത്തിലെ സ്വർണം മാറ്റി വെള്ളി പൊതിയാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ളവരുടെ സംസാരത്തിലൂടെയാണ് അബദ്ധവശാൽ ഞാൻ അറിയുന്നത്. അതിന് ശേഷം ഈ വർഷം ക്ഷേത്രത്തിൽ ചെന്നപ്പോഴാണ് വിഗ്രഹം വെള്ളി പൊതിഞ്ഞ നിലയിൽ കണ്ടത്. നേരത്തെ വിഗ്രഹത്തിൽ പൊതിഞ്ഞ സ്വർണം മുഴുവൻ എവിടെപ്പോയി എന്ന ചോദ്യത്തിന് "അറിയില്ല, പരിശോധിക്കട്ടെ’ എന്നായിരുന്നു ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ മറുപടിയെന്നും രാമചന്ദ്രൻ നായർ വ്യക്തമാക്കി.