എംഎൽഎമാരുടെ സസ്പെൻഷൻ അംഗീകാരമായി കാണുന്നു; മാനനഷ്ടക്കേസ് നേരിടും: വി.ഡി.സതീശൻ
Thursday, October 9, 2025 9:11 PM IST
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ സസ്പെൻഷൻ അംഗീകാരമായി കാണുന്നു. ഒരു ആക്രമണവും നിയമസഭയിൽ നടന്നിട്ടില്ല. സ്പീക്കറും സർക്കാരുമായി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ സസ്പെൻഷൻ അയ്യപ്പന്റെ മുതൽ കവർന്നെടുത്തതിനെതിരെയുള്ള പോരാട്ടത്തിന്റെ അംഗീകാരമായി ജനം കരുതും.
ഞങ്ങൾ ഇത് അംഗീകാരമായി കരുതുന്നു. സസ്പെൻഷൻ നടത്തി പേടിപ്പിക്കാമെന്ന് സർക്കാർ കരുതിയെങ്കിൽ തെറ്റി. കവർച്ചക്കെതിരെയുള്ള ശബ്ദത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.