തളിപ്പറമ്പ് തീപിടിത്തം: 50 കടകൾ കത്തിനശിച്ചു; കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു
Thursday, October 9, 2025 10:10 PM IST
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.