കായംകുളം ആൾക്കൂട്ടക്കൊല; കേസിലെ മുഴുവൻ പ്രതികളും പിടിയിൽ
Saturday, October 11, 2025 10:05 PM IST
ആലപ്പുഴ: കായംകുളം ആൾക്കൂട്ടക്കൊലയിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി.
സാഹസികമായാണ് പ്രതികളെ പിടികൂടിയത്. കൊല്ലപ്പെട്ട ഷിബു പണയംവച്ച രണ്ടര വയസുകാരിയുടെ സ്വർണ ബ്രേസ്ലെറ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കായംകുളം സ്വദേശി വിഷ്ണുവിന്റെ മകളുടെ സ്വർണ ബ്രേസ്ലെറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു ഷിബുവിനെ ഏഴംഗ സംഘം അടിച്ചുകൊന്നത്.
എന്നാൽ കൊലപ്പെടുത്തണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ഒന്നാം പ്രതി മൊഴി നൽകി.
വിഷ്ണുവും ബന്ധുക്കളും ചേർന്നാണ് ക്രൂരമായി മർദിച്ചത്. മർദനത്തിനിടെ കനാലിലേക്ക് വീണ ഷിബുവിനെ കരയിൽ കയറ്റി വീണ്ടും മർദിച്ചു. ഇതിനിടെയാണ് ഷിബു ബോധരഹിതനായത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.