അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
Saturday, October 11, 2025 10:25 PM IST
പത്തനാപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പട്ടാഴി മരുതമൺ ഭാഗം ലക്ഷ്മി വിലാസത്തിൽ രാജേന്ദ്രൻ നായരുടെ ഭാര്യ രാജി (48) ആണ് മരിച്ചത്.
കഴിഞ്ഞ മാസം അവസാനമാണ് രാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം മുൻപ് വരെ കടുത്ത പനി, നടുവേദന, തുടങ്ങി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പട്ടാഴി അടൂർ, കൊല്ലം തുടങ്ങിയിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
എന്നാൽ രോഗം സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് രാജിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതും.
ആരോഗ്യ വകുപ്പ് അധികൃതരും മറ്റും രാജിയുടെ വീട്ടിലെ കിണറ്റിൽ നിന്നും വീടിനു സമീപത്തെ ജലാശയങ്ങളിൽനിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇനിയും പുറത്തുവന്നിട്ടില്ല.