കൊലക്കേസ്; ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി അറസ്റ്റിൽ
Sunday, October 12, 2025 5:58 AM IST
അലിഗഡ്: അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിൽ ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി അറസ്റ്റിലായി. പൂജാ ശകുൻ പാണ്ഡെയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.
ഒളിവിലായിരുന്ന പൂജയെ രാജസ്ഥാനിലെ ഭരത്പൂരിൽ വച്ചാണ് പിടികൂടിയത്. കേസിൽ പൂജയുടെ ഭർത്താവ് അശോക് പാണ്ഡെയെയും വാടക കൊലയാളിയെയും പോലീസ് നേരത്തെ പിടികൂടിയിരുന്നു. സെപ്റ്റംബർ 23ന് അലിഗഡിലാണ് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നത്. എന്നാൽ പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഭിഷേക് ഗുപ്തയെ കൊല്ലാൻ പൂജയും ഭർത്താവും വാടകക്കൊലയാളിയെ നിയോഗിക്കുകയായിരുന്നെന്നാണു കേസ്.