പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം
Sunday, October 12, 2025 7:52 AM IST
കാബൂൾ: പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. ഈ ആഴ്ച കാബൂളിൽ നടന്ന പാക്കിസ്ഥാൻ വ്യോമാക്രമണത്തിന് ശേഷമാണ് സംഘർഷം ഉണ്ടായതെന്ന് ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയതായി ആരോപിച്ച് അഫ്ഗാനിസ്ഥാന്റെ താലിബാൻ സേന ശനിയാഴ്ച അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർക്കെതിരെ സായുധ ആക്രമണം നടത്തുകയായിരുന്നു.
വടക്കൻ അതിർത്തിയിലെ നിരവധി പർവതപ്രദേശങ്ങളിൽ പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ചതായി താലിബാൻ സർക്കാർ സ്ഥിരീകരിച്ചു. അതിർത്തിയിലെ നിരവധി അഫ്ഗാൻ പോസ്റ്റുകളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പിലൂടെ തിരിച്ചടിച്ചു.
പാക്കിസ്ഥാനെ ലക്ഷ്യമിടുന്ന ഭീകരർക്ക് കാബൂൾ അഭയം നൽകുന്നുണ്ടെന്ന് ഇസ്ലാമാബാദ് ആരോപിച്ചു. എന്നാൽ താലിബാൻ ഈ വാദത്തെ നിഷേധിച്ചു. അഫ്ഗാൻ താലിബാൻ വിദേശകാര്യ മന്ത്രി സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഈ സംഘർഷം ഉടലെടുത്തത്.