ജയിച്ചേ തീരൂ! വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ- ഓസീസ് പോരാട്ടം
Sunday, October 12, 2025 9:17 AM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയം മാത്രം മുന്നിൽക്കണ്ട് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങും.
എതിരാളി നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യം. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ടോപ്പ് ഓർഡർ സേഫല്ല!
ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല.
ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും ബൗളിംഗ് മികവുമാണ്.
കണക്കുകളിൽ ആശങ്ക
ലോകകപ്പിലെ ഏഴ് ടീമുകളുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റർമാരുടെ ശരാശരി 23.13 ആണ്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പിന്നിൽ. രണ്ട് മത്സരങ്ങളെങ്കിലും കളിച്ച ടീമുകളിൽ ആദ്യ അഞ്ച് ബാറ്റർമാരിൽ 50ലധികം സ്കോർ ഇല്ലാത്ത ഒരേയൊരു ടീം. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടോപ്പ് ഫൈവ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും. കണക്കുകൾ കളിഗതി വ്യക്തമാക്കും.
ഇന്ത്യൻ പ്രതീക്ഷ
2017 ലോകകപ്പ് സെമിഫൈനൽ, 2022 കോമണ്‍വെൽത്ത് ഗോൾഡ് മെഡൽ, 2023 ട്വന്റി20 ലോകകപ്പ് ഫൈനൽ തുടങ്ങി പ്രധാന മത്സരങ്ങളിൽ ഓസീസിനെ തച്ചുടയ്ക്കുന്ന ഹർമൻപ്രീത് കൗറിന്റെ മറ്റൊരു അവിസ്മരണീയ ഇന്നിംഗ്സ് ഇന്ത്യൻ ജയത്തിന് അനിവാര്യമാണ്.
വെടിക്കെട്ട് ബാറ്റിംഗ് ശൈലി പിന്തുടരുന്ന സ്റ്റാർ ബാറ്റർ സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യ സുരക്ഷിതമാകും. ക്രാന്തി ഗൗഡിന്റെ മിന്നും ഫോമും ദീപ്തി ശർമയുടെ ഓൾറൗണ്ട് പ്രകടനവും മത്സരത്തിൽ നിർണായകമാകും.
ടിക്കറ്റ് തീർന്നു!
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നു. ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കുന്നത്. ഇൻഡോറിൽ ഇംഗ്ലണ്ടുമായി അടുത്ത മത്സരത്തിനുള്ള ടിക്കറ്റുകളും ഇതിനകം തീർന്നതായി ഐസിസി അറിയിച്ചു.
വ്യാഴാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട മത്സരത്തിൽ 12,000ത്തിലധികം പേർ എസിഎ- വിഡിസിഎ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.