നുംഖോര്‍: വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് അപേക്ഷ നൽകാൻ ദുൽഖര്‍ സൽമാൻ
Sunday, October 12, 2025 11:45 AM IST
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു.
വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാൻ ദുല്‍ഖര്‍ അപേക്ഷ നല്കാന് ഒരുങ്ങുന്നത്.
ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. അതേസമയം ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.