തന്നെ ഒഴിവാക്കി സി. സദാനന്ദൻ എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷം: സുരേഷ് ഗോപി
Sunday, October 12, 2025 12:51 PM IST
കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന് എംപിയെ കേന്ദ്രമന്ത്രിയാക്കിയാൽ സന്തോഷമെന്ന് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ സദാനന്ദൻ എംപിയുടെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എം.വി. ജയരാജന്റെ പരാമര്‍ശനത്തിനും സുരേഷ് മറുപടി നൽകി. സി. സദാനന്ദന്റെ പാര്‍ലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജൻമാരിൽ അങ്കലാപ്പ് ഉണ്ടാക്കിയെന്നും കണ്ണൂരിലേക്ക് കൈയെത്തി പിടിക്കാനുള്ള ആദ്യത്തെ വാതിൽ തുറക്കലാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ എല്ലാകാര്യവും തുറന്നുപറയുന്നയാളാണ്. കേരളത്തിൽ ഇപ്പോള്‍ ഒരു പ്രശ്നം ഉണ്ട്. എല്ലാം വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു. പൂച്ചാണ്ടി കാണിച്ച് തന്നെ പേടിപ്പിക്കേണ്ടെന്നും തനിക്ക് പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.