അഞ്ചുവിക്കറ്റുമായി കുല്‍ദീപ്; ഫോളോ ഓൺ വഴങ്ങി വിൻഡീസ്
Sunday, October 12, 2025 1:34 PM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 270 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 248 റണ്‍സിന് പുറത്തായി. ഇതോടെ സന്ദർശകർ ഫോളോ ഓൺ വഴങ്ങി.
ഷായ് ഹോപ് (36), തെവിൻ ഇംലാച്ച് (21), ജസ്റ്റിൻ ഗ്രീവ്സ് (17), ജോമൽ വാരികാൻ (ഒന്ന്), ഖാരി പിയറി (19), ജെയ്ഡൻ സീൽസ് (13) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം സന്ദർശകർക്കു നഷ്ടമായത്. 24 റൺസുമായി ആന്ഡേഴ്സന് ഫിലിപ് പുറത്താകാതെ നിന്നു.
നാലുവിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് തുടരെ നാലുവിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഇതിൽ മൂന്നുവിക്കറ്റും വീഴ്ത്തിയത് കുൽദീപ് യാദവാണ്. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി.
പിന്നാലെ എട്ടിന് 175 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണിയിലായ വിന്‍ഡീസിനെ ഒമ്പതാം വിക്കറ്റില്‍ പിയറി-ആന്ഡേഴ്സൺ കൂട്ടുകെട്ടാണ് 200 കടത്തിയത്. ഉച്ചഭക്ഷണത്തിനു ശേഷം ആദ്യ ഓവറില്‍ തന്നെ പിയറിയെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുംറ കൂട്ടുകെട്ട് പൊളിച്ചു.
പത്താം വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സിനെ കൂട്ടുപിടിച്ച് ആന്ഡേഴ്സണ് ഫിലിപ്പ് പിടിച്ചുനിന്നു. ഒടുവിൽ സീൽസിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ കുൽദീപ് വിന്‍ഡീസ് ഇന്നിംഗ്സിനും തിരശീലയിട്ടു.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് 82 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജഡേജ 46 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.