ശബരിമല സ്വർണക്കൊള്ള: പുറത്തുവരുന്നത് വൻ ഗൂഢാലോചന, ദേവസ്വംമന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ
Sunday, October 12, 2025 3:54 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നിൽ വൻ ഗൂഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്ഐആര്‍. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്നും വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന് പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന് പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാരും സിപിഎം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം വകുപ്പിനും കഴിയില്ലെന്നും സതീശൻ പറഞ്ഞു.