ഇന്ത്യ പിടിമുറുക്കി; പ്രതിരോധക്കോട്ട തീർത്ത് വിൻഡീസ്
Sunday, October 12, 2025 5:56 PM IST
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ വിൻഡീസ് രണ്ടുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിലാണ്.
87 റൺസുമായി ഓപ്പണർ ജോൺ കാംബെലും 66 റൺസോടെ ഷായ് ഹോപ്പുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. സന്ദർശകർ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 97 റൺസ് പിന്നിലാണ്.
ടാഗ്നരെയ്ന് ചന്ദര്‍പോള്‍ (10), അലിക് അതനാസെ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 248 റണ്‍സിന് പുറത്തായി.
ഇതോടെ സന്ദർശകർ ഫോളോ ഓൺ വഴങ്ങി. ഇന്ത്യക്ക് വേണ്ടി ഇടം കൈയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ജഡേജ മൂന്നും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്ത്തി.