കൊലക്കേസ്; ഓള് ഇന്ത്യ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ അറസ്റ്റിൽ
Sunday, October 12, 2025 6:09 PM IST
ന്യൂഡല്‍ഹി: കൊലക്കേസില്‍ ഓള് ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ അറസ്റ്റില്‍.
അലിഗഢില്‍ വ്യാപാരിയായ അഭിഷേക് ഗുപ്തയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജ പാണ്ഡെയെ പോലീസ് അറസ്റ്റ്ചെയ്തത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെ, വാടക കൊലയാളികളായ മുഹമ്മദ് ഫസല്‍, ആസിഫ് എന്നിവര്‍ കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു.
വെള്ളിയാഴ്ച രാത്രി രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍നിന്നാണ് പൂജയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. ആഗ്ര-ജയ്പുര്‍ ഹൈവേയില്‍ ലോധാ ബൈപ്പാസില്‍വെച്ചാണ് പൂജ പോലീസിന്റെ പിടിയിലായത്.
സെപ്റ്റംബര്‍ 26നാണ് അലിഗഢിന് സമീപത്തുവച്ച് അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. അച്ഛനും മറ്റൊരു ബന്ധുവിനുമൊപ്പം ബസില്‍ കയറുന്നതിനിടെയാണ് വാടക കൊലയാളികള്‍ അഭിഷേക് ഗുപ്തയ്ക്ക് നേരേ വെടിയുതിര്‍ത്തത്.
ഉടന്‍തന്നെ ഇദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അശോക് പാണ്ഡെ-പൂജ പാണ്ഡെ ദമ്പതിമാരാണ് അഭിഷേകിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.
അഭിഷേകുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. വാടക കൊലയാളികളായ മുഹമ്മദ് ഫസലും ആസിഫും ദമ്പതിമാര്‍ക്ക് നേരത്തേ പരിചയമുള്ളവരാണ്.
അഭിഷേകിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചതോടെ ദമ്പതിമാര്‍ ഇരുവരെയും ദൗത്യം ഏല്‍പ്പിച്ചു. തുടര്‍ന്ന് ദമ്പതിമാരുടെ നിര്‍ദേശമനുസരിച്ചാണ് ഇരുവരും അഭിഷേകിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നും ഇതോടെ കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പൂജ പാണ്ഡെയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.