എച്ച്എഎം ഒരിക്കലും മുന്നണി വിടില്ല; ബിഹാറിൽ എൻഡിഎ വൻവിജയം നേടും: കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി
Monday, October 13, 2025 12:40 AM IST
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവബംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.