വ്യക്തിവൈരാഗ്യം; സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു
Monday, October 13, 2025 4:24 AM IST
പാലക്കാട്: പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു. മണ്ണാര്‍ക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന റസാരിയോ ബസിലെ ജീവനക്കാരന് സന്തോഷിനാണ് കുത്തേറ്റത്. ഞായറാഴ്ച വൈകിട്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
സന്തോഷ് ജോലി ചെയ്യുന്ന ബസില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഷാനിഫാണ് കുത്തിയതെന്നാണ് വിവരം. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പെട്രോള്‍ പമ്പില്‍ ബസ് കയറ്റിയിടാന്‍ എത്തിയസമയത്ത് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സന്തോഷിനെ ചവിട്ടി വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു.
സന്തോഷിന്റെ കഴുത്തിനും വയറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാനിഫിനും നേരിയ പരിക്കേറ്റിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ഷാനിഫ് ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.