പുരോഹിതന്റെ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നു; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ
Monday, October 13, 2025 4:55 AM IST
ഉത്തർപ്രദേശ്: മുസ്ലീം പുരോഹിതന്റെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത്തിലെ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും അഞ്ചും രണ്ടും വയസുള്ള രണ്ട് പെൺകുട്ടികളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പള്ളിയിലെ പതിനഞ്ചും പതിനാറും വയസുള്ള വിദ്യാർഥികളായ രണ്ട് കുട്ടികൾക്ക് മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അച്ചടക്കം ഉറപ്പാക്കാൻ ശകാരവും കർശന നടപടികളും സ്വീകരിച്ച അധ്യാപകനായ ഇബ്രാഹിം മൗലവിയോട് ഇരുവരും പക മനസിൽ സൂക്ഷിച്ചിരുന്നു.
അധ്യാപകൻ പുറത്തുപോയെന്ന് മനസിലാക്കിയ ഇരുവരും കുടുംബത്തെ ആക്രമിക്കാൻ പദ്ധതിയിടുകയും കഴിഞ്ഞ രാത്രി നടപ്പാക്കുകയുമായിരുന്നു. മൂർച്ചയുള്ള ആയുധം സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടികളിലേക്ക് പോലീസിനെ എത്തിച്ചത്. കസ്റ്റഡിയിലുള്ള കുട്ടികളെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കും.