യുവതി കിണറ്റിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ മരിച്ചു
Monday, October 13, 2025 5:52 AM IST
കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെടുവത്തൂർ സ്വദേശിനി അർച്ചനയാണ് കിണറ്റിൽ ചാടിയത്. 80 അടിയോളം താഴ്ചയുള്ള കിണറായിരുന്നു.
കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. കൊല്ലം നെടുവത്തൂരിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞു വീണായിരുന്നു അപകടം. കൈവരിയിലെ കല്ല് ഉൾപ്പെടെയുള്ളവ തലയിലേക്കും ദേഹത്തേക്കും വീഴുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന.