നേപ്പാളിൽ നിന്നും ജയിൽ ചാടിയ പാക് പൗരയെന്ന് സംശയിക്കുന്ന വയോധിക ത്രിപുരിയിൽ പിടിയിൽ
Monday, October 13, 2025 8:09 AM IST
ഗോഹട്ടി: നേപ്പാളിൽ നിന്നും ജയിൽചാടിയ പാക്കിസ്ഥാൻ പൗരയെന്ന് സംശയിക്കുന്ന വയോധിക ത്രിപുരയിൽ പിടിയിൽ. ലൂയിസ് നിഘത് അക്തർ ഭാനോ(65) ആണ് അറസ്റ്റിലായത്.
സബ്രൂം റെയിൽവേ സ്റ്റേഷനിൽ നിന്നും ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസിന് കൈമാറി.
ബംഗ്ലാദേശിലേക്ക് കടക്കുക എന്ന ഉദേശ്യത്തോടെയാണ് അവർ വന്നതെന്ന് സംശയിക്കുന്നുവെന്നും അവരുടെ നീക്കങ്ങളെയും ഉദേശ്യങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ നേപ്പാളിലെ ഒരു ജയിലിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് കണ്ടെത്തി. ഇവരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പാക്കിസ്ഥാനിയാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
പാക്കിസ്ഥാനിലെ ഷെയ്ഖുപുരയിൽ താമസിക്കുന്ന എം.ഡി. ഗൊലാഫ് ഫരാജ് എന്നയാളുടെ ഭാര്യയാണ് ഭാനോ എന്നാണ് റിപ്പോർട്ട്. 12 വർഷം മുമ്പ് പാക്കിസ്ഥാൻ പാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിൽ പ്രവേശിച്ച ഇവർ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുകയായിരുന്നു.
2014ൽ, ഒരു കിലോ ബ്രൗൺ ഷുഗർ കൈവശം വച്ചതിന് നേപ്പാളിൽ വച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് 15 വർഷം തടവിന് ശിക്ഷിച്ചു.
കഴിഞ്ഞ മാസം വരെ കാഠ്മണ്ഡു ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ. അടുത്തിടെ നേപ്പാളിലുണ്ടായ കലാപത്തിനിടെ ജയിലിൽ നിന്നുംരക്ഷപെട്ട ഇവർ ഇന്ത്യയിലെത്തുകയായിരുന്നു.
കലാപ കാലയളവിൽ നേപ്പാളിലെ ജയിലിൽ നിന്നും ഏകദേശം 13,000 തടവുപുള്ളികൾ ജയിൽ ചാടിയിരുന്നു. തുടർന്ന് ഇന്ത്യയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഇവരിൽ പലരും പിടിയിലായി.