അർച്ചന കിണറ്റിൽ ചാടിയത് മർദനം സഹിക്കാനാകാതെ; മുഖത്തെ മുറിവുകൾ ഫോണിൽ ചിത്രീകരിച്ചു
Monday, October 13, 2025 9:21 AM IST
കൊല്ലം: നെടുവത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മൂന്നുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച ശിവകൃഷ്ണന്റെ ക്രൂരമർദനത്തെ തുടർന്നാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് വിവരം.
സുഹൃത്തുക്കളായ ശിവകൃഷ്ണനും അര്‍ച്ചനയും മൂന്ന് വര്‍ഷത്തോളമായി ഒരുമിച്ചാണ് താമസിക്കുന്നത്. അര്‍ച്ചനയുടെ മൂന്ന് മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
സ്ഥിര മദ്യപാനിയായ ശിവകൃഷ്ണന്‍ അര്‍ച്ചനയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയിലും പ്രശ്നമുണ്ടായി. തുടർന്ന് അർച്ചനയെ ക്രൂരമായി മർദിച്ചു.
മുഖത്ത് പരിക്കേറ്റത് അര്‍ച്ചന ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അര്‍ധരാത്രിയോടെ അര്‍ച്ചന കിണറ്റിലേക്ക് ചാടി. ശിവകൃഷ്ണനാണ് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തിയത്. ഫയർഫോഴ്സ് എത്തിയപ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു.
കൊട്ടാരക്കര ഫയര്‍ഫോഴ്സ് യൂണിറ്റിലെ ജീവനക്കാരാണ് സ്ഥലത്തെത്തിയത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയും സോണി എന്ന ഉദ്യോഗസ്ഥന് കിണറ്റിലിറങ്ങി. കിണറ്റിലുണ്ടായിരുന്ന അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു.
12 അടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ സോണി അര്‍ച്ചനയെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കെ കിണറിന്റെ കൈവരിയിൽ ശിവകൃഷ്ണൻ ചാരി നിന്നു. ഇതോടെ കൈവരി ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു.
ഇഷ്ടികകയും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു. കയറില്‍ ബന്ധിപ്പിച്ചത് കൊണ്ട് സോണിയെ വലിച്ച് മുകളിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കല്ലുകള്‍ തട്ടി തലയില്‍ ഗുരുതരമായ മുറിവേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അര്‍ച്ചനയേയും ശിവകൃഷ്ണനേയും ഫയര്‍ഫോഴ്സിന്റെ മറ്റു യൂണിറ്റുകളില്‍നിന്ന് ആളുകളെത്തിയാണ് പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ ഇരുവരും മരിച്ചിരുന്നു.