യുപിയിൽ പോലീസുമായി ഏറ്റുമുട്ടൽ; നിരവധി കേസുകളിലെ പ്രതി മരിച്ചു
Monday, October 13, 2025 11:46 AM IST
ലക്നോ: ഉത്തർപ്രദേശിൽ നിരവധി കേസുകളിലെ പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. ഷെഹ്ഷാദ് എന്നയാളെ മീററ്റ് പോലീസാണ് ഏറ്റുമുട്ടലിൽ വകവരുത്തിയത്.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 5.30നാണ് സംഭവം.
പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷാഹ്ഷാദ്. ഇയാളെ പിടികൂടുന്നവർക്ക് ഉത്തർപ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
പ്രതി എവിടെയുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചത്. ഷഹ്ഷാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാൾ ആദ്യം പോലീസിന് നേരെ വെടിവയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് തിരികെ വെടിയുതിർത്തു. ഏറ്റുമുട്ടലിനിടയിൽ പ്രതിയുടെ നെഞ്ചിലും വെടിയേൽക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിയായ ഷഹ്ഷാദ് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഏകദേശം അഞ്ചു വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഏഴ് വയസുകാരിയെ പീഡിപ്പിച്ചത്.
ഇയാളുടെ പേരിൽ നിലവിൽ രണ്ട് പീഡനക്കേസുകൾക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കൽ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പിടികൂടണം എന്നാവശ്യപ്പെട്ട് മീററ്റിൽ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. ജയിലിലായ ഒരു വ്യക്തി പുറത്തിറങ്ങി വീണ്ടും അതേ കുറ്റകൃത്യം ആവർത്തിച്ചതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് പ്രധാന കാരണം.
ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസുകാരിയുടെ വീട്ടിലെത്തിയ ഷഹ്സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.