അരുന്ധതി റോയിയുടെ പുകവലിക്കുന്ന ചിത്രം; പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി
Monday, October 13, 2025 12:11 PM IST
കൊച്ചി: പുകവലിക്കുന്ന ചിത്രം കവര്‍ പേജിലുള്പ്പെടുത്തിയ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്പര്യത്തിനാണോ അതോ പരസ്യതാല്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
പൊതുതാല്പര്യ ഹര്‍ജികള്‍ സ്വയം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഹര്‍ജി തള്ളുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അഭിഭാഷകനായ രാജസിംഹന് ആണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തേയോ സാഹിത്യ സത്തയേയോ താന്‍ വെല്ലുവിളിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു ഫാഷനാണെന്ന് തോന്നുന്ന യുവാക്കള്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
പുസ്തകത്തിന്റെ കവര്‍ പുകവലിയുടെയും പുകയില ഉല്പന്നങ്ങളുടെയും പരോക്ഷ പരസ്യത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. പ്രത്യേകിച്ചും അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും വായനക്കാരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.
സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധിക്കല്‍) നിയമം, 2003 (കോപ്റ്റ) യിലെയും 2008 ലെ നിയമങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം ചിത്രീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നു.