ഇസ്രയേൽ ബന്ദികൾ മുഴുവൻ മോചിതർ: ട്രംപ് ഇസ്രയേലിൽ; പാർലമെന്റിൽ സംസാരിക്കും
Monday, October 13, 2025 3:03 PM IST
ടെൽ അവീവ്: ഇസ്രയേലി ബന്ദികളെ മുഴുവനായും വിട്ടയച്ച് ഹമാസ്. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്.
ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും.
2023ലെ ആക്രമണത്തില്‍ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലര്‍ കൊല്ലപ്പെടുകയുമുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും.