മക്കളിൽ അഭിമാനം; മകന് ഇഡി സമൻസ് ലഭിച്ചിട്ടില്ല: മുഖ്യമന്ത്രി
Monday, October 13, 2025 7:06 PM IST
തിരുവനന്തപുരം: തന്റെ മകന് ഇഡി സമൻസ് ലഭിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണ്. മകൻ വിവേകിന് ഇഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇഡി സമൻസ് ആർക്കാണ് അയച്ചത്. ആരുടെ കൈയിലാണ് സമൻസ് കൊടുത്തത്. ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നിട്ടില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. തന്റെ പ്രവർത്തനങ്ങളിൽ മക്കൾ ഇടപെടാറില്ല.
നിങ്ങളില്‍ എത്രപേര്‍ എന്റെ മകനെ കണ്ടിട്ടുണ്ട്?. അവൻ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങൾ. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടിട്ടുണ്ടോ.
ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്നും പോലും മകന് അറിയില്ല. ദുഷ്പേര് ഉണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും അവരിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വലിയ ബോംബ് വരാന്‍ പോകുന്നുണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു.
പക്ഷേ ഇത് നനഞ്ഞ പടക്കമായിപ്പോയി. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാൻ ശ്രമിക്കുമ്പോൾ ശാന്തമായി പ്രതികരിക്കുന്നത് അതുകൊണ്ടാണ്. പത്തു വർഷമായി ഞാൻ മുഖ്യമന്ത്രിയാണ്. അഭിമാനിക്കാൻ വകനൽകുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.
പലയിടത്തും പദ്ധതികൾക്കു കരാർ ലഭിക്കാൻ കമ്മീഷൻ നൽകണം. എന്നാൽ ഇവിടെ അങ്ങനെയില്ല എന്നതിൽ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.