താമരശേരി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് ആദ്യവാരം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫോറസ്റ്റ് ഓഫീസുകള്‍ക്ക് മുമ്പിലും വനാതിര്‍ത്തികളിലും സാരിവേലി കെട്ടി സമരം ചെയ്ത് പ്രതിഷേധിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രതിനിധി സഭ പ്രഖ്യാപിച്ചു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അടക്കം ജനവഞ്ചനയുടെ പ്രതിഷേധപ്രതിഫലനം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
ആധാരം, പട്ടയം, കരം അടച്ച രസീത് തുടങ്ങിയ രേഖകളോടെ കൈവശം വച്ച് അനുഭവിച്ചുവരുന്ന ഭൂമിക്ക് ബാങ്ക് വായ്പ ലഭിക്കുന്നതിന് വനംവകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധനക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഇത്തരം കരിനിയമങ്ങളെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് സമിതി പ്രഖ്യാപിച്ചു.
പെരുവണ്ണാമൂഴി മുതല്‍ ആനക്കാംപൊയില്‍ വരെ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ ഉടന്‍ സൗരവേലി അടക്കമുള്ള സംവിധാനങ്ങള്‍ തീര്‍ക്കുമെന്ന് വനംമന്ത്രി പ്രഖ്യാപനം നടത്തിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനെതിരേയാണ് സാരിവേലി കെട്ടി സമരം ചെയ്യുന്നത്.
യോഗത്തില്‍ രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളിൽ, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറര്‍ സജി കരോട്ട്, പ്രിന്‍സ് ദിനംപറമ്പിൽ, ജോണ്സണ് കക്കയം, ജോഷി കറുകമാലിൻ, ജോസ് ചെറുവള്ളി, ഡോ. ജോണ്‍ കട്ടക്കയം, ടോമി ചക്കുംമുട്ടിൽ, ജോസഫ് പുലക്കുടി, ഷാന്റോ തകടിയേൽ, അല്‍ഫോന്‍സ മാത്യു, ഷെല്ലി, ജോസഫ് ആലവേലിൽ, ജെയിംസ് തൊട്ടിയിൽ, വര്‍ഗീസ് ലോന തുടങ്ങിയവര്‍ സംസാരിച്ചു.