മുക്കം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ 24 മുതൽ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷനാണ് പരിപാടിയുടെ സാങ്കേതിക നിയന്ത്രണം നിർവഹിക്കുക. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു 17 രാജ്യങ്ങളിൽ നിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകുമെന്ന് സംഘാടകർ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിവർ ഫെസ്റ്റിവൽ പ്രചരാണർഥം നാളെ മുതൽ 20 വരെ വിവിധ പഞ്ചായത്തുകളിലായി വ്യത്യസ്ത മത്സരങ്ങളും, പരിപാടികളും സംഘടിപ്പിക്കും.നാളെ തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം നടക്കും.
എട്ടിന് കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിൽ മഴനടത്തവും, 11 നു കോടഞ്ചേരി ചെമ്പുകടവിൽ മഡ് ഫുട്ബോളും, 12 നു മുക്കം മണാശേരിയിൽ കബഡി മത്സരവും, തിരുവമ്പാടിയിൽ ഫാം ടൂറും, കോടഞ്ചേരി തേവർമലയിൽ മൺസൂൺ ഓഫ് റോഡ് സഫാരി, കക്കാടം പൊയിലിൽ മഴ നടത്തം എന്നിവയും നടക്കും.
13 നു തിരുവമ്പാടിയിൽ ഫുട്ബോൾ ടൂർണമെന്റ്, 14 നു കോടഞ്ചേരി വട്ടച്ചിറയിൽ മഴയാത്ര, 16നു കോടഞ്ചേരിയിൽ ബ്രഷ് സ്ട്രോക്ക് എന്ന പേരിൽ ചിത്ര രചന, 17 നു ലക്കിടി മുതൽ അടിവാരം വരെ മഴയാത്ര, പെരുമണ്ണയിൽ കാളപൂട്ട്, 19 നു തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഫൺ ഡ്രൈവ്, കോടഞ്ചേരി പുളിക്കയത്തു ബാഡ്മിന്റൺ ടൂർണമെന്റ്, നെല്ലിപ്പൊയിലിൽ വടം വലി,
20 നു തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മൺസൂൺ വാക്ക്, പൂവാറംതോടിൽ ഓഫ് റോഡ് എക്സ്പെഡിഷൻ, കോഴിക്കോട്, മലപ്പുറം, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ള സൈക്ലിംഗ് എന്നിവയാണ് സംഘടിപ്പിക്കുകയെന്നു സംഘാടകർ വ്യക്തമാക്കി.
മുക്കത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എംഎൽഎ ലിന്റോ ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, പ്രീ ഇവന്റ് കൺവീനർ ശരത്ത് തുടങ്ങിയവർ സംബന്ധിച്ചു.