കുരച്ചുണ്ട്: കർഷകർക്ക് തോക്കിന് ലൈസൻസ് ലഭിക്കുന്നതിനുള്ള അപേക്ഷകളിൽ വന്യജീവി സങ്കേത കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരപരിധി ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജന ജാഗ്രത സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കക്കയം മേഖലയിലെ ഫെൻസിംഗ് പദ്ധതി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കുക, കുരങ്ങുശല്യത്തിനുള്ള പരിഹാര നടപടികൾ സ്വീകരിക്കുക, വനം വകുപ്പിന്റെ ആർആർടി പ്രവർത്തനം കാര്യക്ഷമമാക്കുക, കാട്ടുപന്നികളുടെ പെരുപ്പം ലഘൂകരിക്കാനുള്ള നടപടി സ്വീകരിക്കുക, കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വിൻസി തോമസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഡാർലി ഏബ്രഹാം, ജെസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഹസീന, എ.എസ്.ഐ. രാജേഷ് കുമാർ,
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് വെളിയത്ത്, എ.സി. രാമകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ എ.സി അരവിന്ദൻ, എൻ.കെ കുഞ്ഞമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബഷീർ എന്നിവർ പങ്കെടുത്തു.