കൂരാച്ചുണ്ട്: ഫാ. ഡേവിസ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മദര്‍ തെരേസ സേവന അവാര്‍ഡിന് കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി അന്വിത അജി അര്‍ഹയായി.
ഏകരായി കഴിയുന്ന വൃദ്ധജനങ്ങളെ സന്ദര്‍ശിക്കല്‍, അനാഥാലയ സന്ദര്‍ശനം, കോളനി സന്ദര്‍ശനം, ബഡ്സ് സ്കൂള്‍ സന്ദര്‍ശനം, പാലിയേറ്റീവ് കെയര്‍ യൂണിറ്റിനോട് ചേര്‍ന്നുള്ള പ്രവര്‍ത്തനം, സഹപാഠിക്ക് ഒരു കൈത്താങ്ങ്, പൊതിച്ചോറ് വിതരണം, തൊഴിലുറപ്പു പ്രവര്‍ത്തകരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, സീഡ് ബോള്‍ നിര്‍മാണം, സീഡ് പെന്‍ നിര്‍മാണം, വിരമിച്ച അധ്യാപകരെ ആദരിക്കല്‍, പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ട പരിപാലനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലെ പങ്കാളിത്തം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ കാഴ്ചവച്ചതിനാണ് അവാര്‍ഡ്. സംസ്ഥാനത്തെ ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് അന്വിത ഒരു ലക്ഷം രൂപയുടെ അവര്ഡിനാണ് അര്‍ഹയായത്.
എറണാകുളത്ത് നടന്ന അവാര്‍ഡ് ദാന ചടങ്ങ് കൂനംമാവ് സെന്റ് ജോസഫ്സ് യു.പി സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്പി കെ.എസ് സുദര്ശന്, ബി.ആര്.ഡി. ചെയര്മാന് വില്യം വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ലൈഫ് ആന്റ് ലിംപ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ജോണ്‍ സാമൂവേല്‍ അന്വിതയ്ക്കുള്ള കാഷ് വിതരണം ചെയ്തു. അന്‍വിതയ്ക്ക് മദര്‍ തെരേസയുടെ കല്‍ക്കത്തയിലുള്ള ആശ്രമത്തിലേക്ക് കുടുംബസമേതം യാത്ര പോകാനുള്ള അവസരവും ലഭിക്കും.
സെന്റ് മേരീസ് ഹൈസ്കൂളിലെ അലക്സി റോസ് ജിനേഷ്, വൈഗ ജയന്, റെല്‍സ് റിപ്, എഡ്വിന് ജോസഫ് തോമസ് എന്നീ വിദ്യാര്‍ഥികള്‍ ഹൈസ്കൂള്‍ തലത്തിലും ആന്‍ലിയ സിജു, അലന് സിജു, എസ്തേര്‍ അന്ന തോമസ്, വേദ സോണി എന്നിവര്‍ യുപി തലത്തിലും 5000 രൂപയുടെ ക്യാഷ് അവാര്‍ഡിന് അര്‍ഹരായി.
സെന്റ് മേരീസ് ഹൈസ്കൂളിലെ മദര്‍ തെരേസ കോ ഓര്‍ഡിനേറ്ററായ സിസ്റ്റര്‍ റെജിന്‍ മരിയയ്ക്ക് സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച കോ ഓര്‍ഡിനേറ്റര്‍ക്കുള്ള 10,000 രൂപയുടെ അവാര്‍ഡും ലഭിച്ചു. ഈ സേവന പദ്ധതിയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലത്തിനുള്ള 10,000രൂപയുടെ അവാര്‍ഡും കല്ലാനോട് സെന്റ്് മേരീസ് ഹൈസ്കൂള്‍ കരസ്ഥമാക്കി.