തിരുവമ്പാടി: അര്‍ഹതപ്പെട്ട അംഗീകാരമാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി പുരയിടത്തില്‍ തോമസിനെ തേടിയെത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ ക്ഷോണി സംരക്ഷണ പുരസ്കാരത്തിനാണ് അദേഹം അര്‍ഹനായത്. തിരുവമ്പാടി നാല്‍പ്പത് മേനി എന്ന സ്ഥലത്ത് മൂന്ന് ഏക്കറിലാണ് അദേഹം കൃഷി ചെയ്യുന്നത്.
തോമസിന്റെ പുരയിടവും കൃഷിസ്ഥലവും ജൈവവൈവിധ്യ കലവറയാണ്. അനേക വര്‍ഷത്തെ അന്വേഷണത്തിലൂടെ ശേഖരിച്ച അയമോദക തുളസി, മഞ്ഞള്‍ തുളസി, ശിവ തുളസി, മധുര തുളസി, കര്‍പ്പൂര തുളസി തുടങ്ങിയ 25 ഓളം തുളസി സസ്യങ്ങളെ നട്ടു പരിപാലിച്ചു സംരക്ഷിക്കുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ ചോരപൈന്‍, കാട്ട് അശോകം, മല മഞ്ചാടി തുടങ്ങി സസ്യങ്ങളെ പരിപാലിക്കുന്നു.
കൂടാതെ ചെത്തി, കൃഷ്ണകിരീടം സൂര്യകാന്തി തുടങ്ങിയ പുഷ്പ സസ്യങ്ങളും പൂമ്പാറ്റകള്‍ മുട്ടകള്‍ ഇടുന്ന കരളയം, മുള്ളിലം അല്‍പ്പം, ഡിവി കറിവേപ്പ് തുടങ്ങിയ സസ്യങ്ങളും ഉള്‍പ്പെടുത്തി മനോഹരമായ പൂമ്പാറ്റ ഗാര്‍ഡനും തന്റെ കൃഷിയിടത്തിന്റെ മധ്യഭാഗത്തായി തോമസ് ഒരുക്കിയിട്ടുണ്ട്.
അപൂര്‍വ്വ സസ്യങ്ങളുടെ വലിയ ശേഖരം തന്നെ തോമസിന്റെ കൃഷിയിടത്തിലുണ്ട്. അയോണന്ത, ഫംഗിയാന, സീറോ ഗ്രാഫിക്കാ സ്പാനിഷ് മോസ് തുടങ്ങിയവ കൃഷിയിടത്തെ വ്യത്യസ്തമാക്കുന്നു.
പ്രാണികളെ പിടിക്കുന്ന നിപ്പാന്തസും ഇദ്ദേഹത്തിന്റെ സസ്യശേഖരത്തില്‍ ഉണ്ട്. കമണ്ഡലൂ രുദ്രാക്ഷം, മരവൂരി കായസസ്യം, കര്‍പ്പൂര സസ്യം, കുന്തിരിക്ക മരം, ഇരട്ടിമധുരം, അണലി വേഗം തുടങ്ങിയവ തോമസിന്റെ കൃഷിയിടത്തിലുളള അപൂര്‍വ്വ സസ്യങ്ങളില്‍ ചിലതാണ്. സ്വദേശിയും വിദേശിയുമായ അമ്പതോളം വ്യത്യസ്ത മുള വര്‍ഗ്ഗങ്ങള്‍ തോമസ് പരിപാലിക്കുന്നുണ്ട്.
ജാപ്പനീസ് ശാസ്ത്രജ്ഞനായ അക്വിറാ മിയാവാക്കിയുടെ ആശയമായ കുഞ്ഞന്‍ കാടുകളെ അടിസ്ഥാനപ്പെടുത്തി ഒരു മിയാവാക്കി വനം അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജൈവവൈവിധ്യ സംരക്ഷകന്‍ പുരസ്കാരത്തിനു പുറമെ, വനംവകുപ്പിന്റെ വനമിത്ര അവാര്‍ഡ്, ഗുരുശ്രേഷ്ഠ അവാര്‍ഡ്. ബി.ആര്. അംബേദ്കര്‍ നാഷണല്‍ എക്സലന്റ് അവാര്‍ഡ്, ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡ്, അക്ഷയശ്രീ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ തോമസിനു ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി ശാസ്ത്രത്തിലും ജന്തു ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് തോമസ്. ഭാര്യ ഷൈനി ആന്റണി (തിരുവമ്പാടി സേക്രട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: റോണ്‍ തോമസ്, എമിന് റോസ്. മരുമകള്‍: നവോമി പോള്‍.