ചെമ്പന്തൊട്ടി: കേവലമായ അറിവുനേടലിനപ്പുറം നന്മയും മാനുഷികതയും ഉൾക്കൊള്ളാൻ വിദ്യാഭ്യാസത്തിലൂടെ സാധിക്കണമെന്ന് രാജ്മോഹൻഉണ്ണിത്താൻ എംപി. ഇരിക്കൂർ നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ മെറിറ്റ് അവാർഡ് വിതരണം ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഠിനാധ്വാനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയും സാമൂഹ്യബന്ധങ്ങളിലൂടെയും മാത്രമേ വിദ്യാർഥികൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിക്കൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അരങ്ങുവാഴുന്ന വാർത്തമാനകാലത്ത് മാനവികതയും മനുഷ്യത്വവും കൈവിടാതെ സൂക്ഷിക്കാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മജിഷ്യൻ സാമ്രാട്ട് മുഖ്യാതിഥിയായിരുന്നു.
എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 1200 കുട്ടികളെയാണ് ദിശാദർശൻ മെറിറ്റ് അവാർഡ് നൽകി ആദരിച്ചത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം നേടിയ 40 വിദ്യാലയങ്ങൾക്കുള്ള ദിശാദർശൻ എക്സലൻസ് പുരസ്കാരങ്ങൾ മജീഷ്യൻ സാമ്രാട്ട് വിതരണം ചെയ്തു. സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സ്പെഷൽ എച്ചീവ്മെന്റ് അവാർഡ് സമർപ്പണവും നടന്നു.
ദിശാദർശൻ കോ-ഓർഡിനേറ്റർ ഡോ. കെ.പി. ഗോപിനാഥൻ, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളി, മിനി ഷൈബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കൊയ്യം ജനാർദനൻ, യാസിറ, ജോഷി കണ്ടത്തിൽ, നഗരസഭാ കൗൺസിലർ എം.വി. ഷീന, സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ഇരിക്കൂർ എഇഒ കെ. വാസന്തി, തളിപ്പറമ്പ് നോർത്ത് എഇഒ കെ. മനോജ്, ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ, ചെമ്പന്തൊട്ടി ഹൈസ്കൂൾ മുഖ്യാധ്യാപിക റിൻസി ജോസഫ്, ചെറുപുഷ്പം യുപി സ്കൂൾ മുഖ്യാധ്യാപിക ലവ്ലി. എം. പോൾ, ദിശാദർശൻ മെംബർ സി.വി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.