ചപ്പാരപ്പടവ്: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം വിജയത്തോടെ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ വിജയാഘോഷം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരവും മുഴുവൻ വിദ്യാർഥികൾക്ക് മെഡലും നൽകി. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ എളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗങ്ങളായ പി. നസീറ, കെ.വി. രാഘവൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. പി. അഹമ്മദ് സ്വാഗതവും പി.കെ. ലതീഷ് നന്ദിയും പറഞ്ഞു.
പുലിക്കുരുമ്പ: എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിജയോത്സവവും വിവിധ ക്ലബുകളും സ്കൂൾ മാനേജർ ഫാ. തോമസ് പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ റോയ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ഗിരീഷ് അലോഷ്യസ് ആമുഖ പ്രഭാഷണം നടത്തി. റിൻസി ജോസഫ്, ജോസഫ് ആര്യങ്കാലായിൽ, സീന സാബു, കെ.കെ. ഷൈനി, സുനിൽ കെ. പീറ്റർ, അജിത്ത് മനോജ്, കെയ്റ്റ് തെരേസ, ഡയാന മാത്യു, സുനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു. പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർഥികളെയും മെഡൽ നൽകി അനുമോദിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവർക്ക് കാഷ് അവാർഡും മെമന്റോയും നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നടുവിൽ: നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2025ൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ വിദ്യാർഥികളെയും യുഎസ്എസ്, എൻഎംഎംഎസ് സ്കോളർഷിപ്പ് വിജയികളെയും മെമന്റോയും എൻഡോവ്മെന്റും നൽകി പിടിഎയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. ശ്രീജിനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു നാരായൺ മഠത്തിൽ, മുഖ്യാധ്യാപകൻ കെ.കെ. ലതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.പി. വഹീദ, വാർഡ് മെംബർമാരായ ധന്യമോൾ, ഷീബ ജയരാജൻ, പിടിഎ പ്രസിഡന്റ് പി.പി. മുകുന്ദൻ, മാനേജർ പ്രതിനിധി കെ.കെ. ഉണ്ണിക്കൃഷ്ണൻ, എംപിടിഎ പ്രസിഡന്റ് സിന്ധു രാജു, അധ്യാപകരായ കെ. രഞ്ജിനി, കെ. മനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.