മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങി. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് പുലർച്ചെ 12.25ന് പുറപ്പെട്ട് 2.40ന് ദമാമിലെത്തും. തിരികെ 3.40ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്.
കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ അഞ്ചാമത്തെ അന്താരാഷ്ട്ര റൂട്ടാണ് ദമാമിലേക്കുള്ളത്. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ഒന്നുമില്ലാതെയാണ് ദമാം സർവീസ് ആരംഭിച്ചത്. ദോഹ, അബുദാബി, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.
കണ്ണൂർ-ചെന്നൈ സെക്ടറിൽ ഇൻഡിഗോയുടെ രണ്ടാമത്തെ സർവീസും തുടങ്ങി. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള പുതിയ സർവീസ്. ഉച്ചയ്ക്ക് 12.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 1.50ന് ചെന്നൈയിലെത്തും. തിരിച്ച് രാത്രി 9.30ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട്.10.40ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്.