ഇരിട്ടി: കാസര്‍ഗോഡ് - വയനാട് 400 കെവി ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തിലും കാര്യമായ പുരോഗതിയില്ല. നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ചര്‍ച്ചയില്‍ കർണാടക പാക്കേജിൽ മാറ്റം വരുത്താൻ തയാറായില്ല. കൃഷിക്കാ ര്‍ക്ക് നഷ്ടപ്പെടുന്ന കാര്‍ഷിക വിളകള്‍ക്കും സ്ഥലത്തിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന ഉറപ്പ് മാത്രമാണ് മന്ത്രിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.
ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് ഏകദേശ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ വീടുകളെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ ആയവ പ്രത്യേക പാക്കേജായി കണക്കാക്കണമെന്നും നിശ്ചയിച്ച ഭൂമിയുടെ ഏറ്റവും കുറഞ്ഞ ന്യായവില അയ്യായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടുതലായി ലഭിക്കുന്നത്
കാർഷികവിഭവങ്ങളുടെ
നഷ്ടപരിഹാരം
നിലവിൽ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ നഷ്ടപ്പെടുന്ന കൃഷിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്ഇബി അധികൃതർ കണക്കുകൾ അവതരിപ്പിച്ചത്. ഭൂമിയുടെ വില കൃത്യമായി കണക്കാക്കി അവതരിപ്പിച്ചാൽ മാത്രമേ യഥാർഥ നഷ്ടപരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ. ഇങ്ങനെ കണക്കാക്കിയാലും മാർക്കറ്റ് വില എത്തില്ലെന്നു പറയുന്നു.
ഏക്കർ കണക്കിന് ഭൂമി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ മാത്രമാണ് ഇപ്പോൾ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുന്നത്. ചെറുകിട കർഷകന്റെ 10 സെന്റ് മുതൽ സ്ഥലങ്ങൾ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമായിരിക്കും. പ്രധാന റോഡുകളോട് ചേർന്നു വരുന്ന സ്ഥലങ്ങൾക്കും നഷ്ടപരിഹാരം മാർക്കറ്റ് വിലയെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവായിരിക്കും. വർഷങ്ങളായി നടക്കുന്ന മാരത്തോൺ ചർച്ചകളിൽ കെഎസ്ഇബിയുടെ പഴയ നഷ്ടപരിഹാര പാക്കേജിൽ നിന്നും കർണാടക പാക്കേജിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നു മാത്രമാണ്.
കാർഷിക വിളയുടെ നഷ്ടങ്ങൾ കൂടി കണക്കാക്കുമ്പോൾ നഷ്ടപരിഹാരത്തിൽ ചെറിയ വ്യത്യാസം മാത്രമാണ് ലഭിക്കുക. പദ്ധതിയോട് ചേർന്നുവരുന്ന കർഷകന്റെ ബാക്കി വരുന്ന സ്ഥലം വില ലഭിക്കാതെ പോകുമെന്ന ആശങ്കയും നിലനില്ക്കുന്നു. നിലവിലെ തീരുമാനങ്ങളോട് കർഷകരുടെ പ്രതികരണങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. അലൈന്‍മെന്റിലെ ചില മാറ്റങ്ങള്‍ സംബന്ധിച്ച ചർച്ചകൾ പ്രായോഗികമല്ലന്ന നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചത് .
യോഗത്തില്‍ എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെഎസ്ഇബി ചെയര്മാന് മിര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, ബേബി ഓടമ്പള്ളി, മിനി ഷൈബി, ജോജി കന്നിക്കാട്ടില്‍, സാജു സേവ്യര്‍, കുര്യാച്ചന് പൈമ്പള്ളി കുന്നേല്‍, പി. രജനി, സി.ടി. അനീഷ്, കെ.പി. രാജേഷ്, ആക്ഷന്‍ കമ്മിറ്റി ചെയര്മാന് തോമസ് വര്‍ഗീസ്, ഭാരവാഹികളായ ഫാ. പയസ് പടിഞ്ഞാറെമുറിയില്, ബെന്നി പുതിയാംപുറം, ടോമി കുമ്പിടിമാക്കല്, ഒ.വി. ഷാജു, കെഎസ്ഇബി ഡയറക്ടര്‍ ആർ. ബിജു, ചീഫ് എൻജിനിയര്‍ കെ.എസ്. ഷീബ, എക്സിക്യുട്ടീവ് എൻജിനിയര്‍ എം. കൃഷ്ണേന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.