ചെമ്പേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പാരിഷ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധറാലി നടത്തി. ബസിലിക്ക മൈതാനിയിൽ നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാൻഡ് ചുറ്റി തിരികെ ടൗണിലെത്തി സമാപിച്ചു.
വിവിധ ഭക്തസംഘടനാ പ്രവർത്തകരും ഇടവകയിലെ വിശ്വാസികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ടൗണിൽ നടന്ന പ്രതിഷേധ സംഗമം ബസിലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. പാരിഷ് കോ-ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിൽ, കത്തോലിക്ക കോൺഗ്രസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷാജു വടക്കേൽ, വൈസ് പ്രസിഡന്റ് സ്കറിയ കളപ്പുര, ചെമ്പേരി എഫ്സി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആലീസ് എഫ്സിസി, സിസ്റ്റർ തേജസ് ഡിഎസ്ടി, എസ്എഫ്ഒ യൂണിറ്റ് പ്രസിഡന്റ് കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സലീം തേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ആലയിൽ ബാലകൃഷ്ണൻ, കെ.കെ. സുരേഷ്കുമാർ, വിജേഷ് ഉമ്മറപൊയിൽ, ടി.പി. ചന്ദ്രൻ, മനോജ് വടക്കേൽ, രവി പൊന്നംവയൽ, എ.കെ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുമേനി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുമേനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
തിരുമേനി ടൗണിൽ നടന്ന പ്രതിഷേധറാലിയും പ്രതിഷേധയോഗവും പി.പി. സിദിൻ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. കെ.കെ. ജോയി, കെ.എസ്. അനിൽ, കെ.പി. ഗോപാലൻ, അന്നമ്മ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.