പയ്യാവൂർ: ഇതര സംസ്ഥാനങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് സഹായഹസ്തവുമായി സന്നദ്ധ സേവനം നടത്തുന്ന ക്രൈസ്തവ മിഷണറിമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരെ അന്യായമായി കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. സംഘപരിവാർ സംഘടനകൾ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മിഷണറിമാരെയും കന്യാസ്ത്രീകളെയും അകാരണമായാണ് ദ്രോഹിക്കുന്നത്. നിർധനരും നിസഹായരുമായി പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിൽ സാന്ത്വനത്തിന്റെ വെള്ളിവെളിച്ചമായി എത്തുന്നവരെ മതപരിവർത്തനം നടത്തിയെന്ന അവാസ്തവമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയാണെന്ന് കത്തോലിക്കാ കോൺഗ്രസ് കുറ്റപ്പെടുത്തി.
കേരളത്തിൽ കത്തോലിക്കാ സഭയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകയും കേരളത്തിന് പുറത്ത് സഭാസ്ഥാപനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന നിലപാടാണ് സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്നതെന്ന് യോഗം ആരോപിച്ചു. ഛത്തീസ്ഗഡ് സർക്കാർ അടിയന്തരമായി ഇടപെട്ട് കന്യാസ്ത്രീകളെ എത്രയും വേഗത്തിൽ മോചിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നി പുതിയാംപുറം, ഷീജ കാറുകുളം, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയാങ്കൽ, ജയിംസ് ഇമ്മാനുവൽ, ജോർജ് കാനാട്ട്, ജോബി പഴയമഠത്തിൽ, ബിജു ഒറ്റപ്ലാക്കൽ, ബെന്നി ജോൺ, കെ.ജെ. ഷാജൻ, മാത്യു വള്ളോംകോട്ട്, വർഗീസ് പള്ളിച്ചിറ, സൈജോ ജോസഫ്, ജോസഫ് മാത്യു, ജെയ്സൺ അട്ടാറിമാക്കൽ, ബേബി കോയിക്കൽ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട്, ബെന്നി തുളുമ്പൻമാക്കൽ, ജോണി തോലമ്പുഴ, രാജീവ് കണിയാന്തറ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.