കണ്ണൂർ: സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, പൊതുമരാമത്ത് വകുപ്പുകളുമായി ചേർന്ന് ജില്ലയിലെ സ്കൂളുകളിൽ സംയുക്ത സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിലെ സ്കൂളുകളിൽ സുരക്ഷാ പരിശോധനകൾ ആരംഭിച്ചതായി ഡിഡിഇ ഡി. ഷൈനി അറിയിച്ചു.
സ്കൂളുകളിൽ പരിശോധന നടത്തുന്ന ദിവസം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിദ്യാഭ്യാസ ഓഫീസർമാർ അറിയിപ്പ് നല്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിദ്യാഭ്യാസ ഓഫീസർമാരു മായി ചേർന്ന് പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കണമെന്നും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഡിഡിഇക്ക് നിർദേശം നല്കി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.
ആഫ്രിക്കൻ ഒച്ച് ശല്യത്തിന് അടിയന്തര നടപടി സ്വീകരിക്കാനും റോഡുകളിലെ കുഴികൾ അടയ്ക്കാനും അപകടകരമായ മരങ്ങൾ സമയബന്ധിതമായി മുറിച്ചുനീക്കുന്നതിനും ജില്ലാകളക്ടർ ബന്ധപ്പെട്ട വകുപ്പുകളോട് നിർദ്ദേശിച്ചു.
ആറളം പുനരധിവാസ മേഖലയിൽ ഭൂമി കൈവശം വയ്ക്കാത്ത 940 പേരെ ഒഴിവാക്കി തെരഞ്ഞെടുക്ക പ്പെട്ട 137 പേർക്ക് പട്ടയം നല്കുന്നതു സംബന്ധിച്ച് സ്ഥലം എംഎൽഎയും കളക്ടറും ഉൾപ്പെട്ട ഗുണഭോക്തൃ തിരിച്ചറിയൽ യോഗം ഓൺലൈനായെങ്കിലും വിളിച്ച് തീരുമാനം കൈക്കൊ ള്ളാനും യോഗത്തിൽ തീരുമാനിച്ചു.
ചൂട്ടാട് പാലക്കോട് അഴിമുഖത്ത് ഡ്രജിംഗ് ചെയ്യുന്നതിനുള്ള അനുമതി നല്കാൻ തീരുമാനിച്ചതായി ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കണ്ടകശേരി പുതിയപാലം നിർമിക്കുന്നതിനായി 12.8 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തി നായി സർക്കാരിലേക്ക് ഉടൻ സമർപ്പിക്കുമെന്നും അപകടസാചര്യം കണക്കിലെടുത്ത് പാലത്തിന് കൈവരി സ്ഥാപിച്ച് സുരക്ഷിതമാക്കുന്നതിന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്കിയതായും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.
കണ്ണൂർ കോർപറേഷൻ പരിധിയിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷിക്കു ന്നതിനായി 23 താത്കാലിക ഷെൽട്ടറുകൾ തയാറായതായി കോർപറേഷൻ സെക്രട്ടറി ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
ബസ് റൂട്ടിന് അനുമതി
ബസ് റൂട്ട് നിലവില്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനായി ജില്ലാ വികസന സമിതി യോഗം നിർദേശിച്ച റൂട്ടുകൾക്ക് മുൻഗണന നല്കണമെന്ന് ജില്ലാ കളക്ടർ കണ്ണൂർ ആർടിഒയ്ക്ക് നിർദേശം നല്കി. പയ്യന്നൂർ മണ്ഡലത്തിലെ പെരുമ്പടവ്-പയ്യന്നൂർ-വള്ളിപ്പിലാവ് -ചെറുപുഴ വഴി കോത്തായിമുക്ക്, കാങ്കോൽ, മാത്തിൽ, വെളിച്ചംതോട്, പോത്താംകണ്ടം, അരൂക്കര, പൊന്നംവയൽ, പാടിയോട്ടുചാൽ, ചെറുപുഴ-തിമിരി റൂട്ടിൽ സ്ഥിരം പെർമിറ്റിന് സമർപ്പിച്ച അപേക്ഷ ഓഗസ്റ്റ് അഞ്ചിലെ ആർടിഎ യോഗത്തിൽ ഉൾപ്പെടുത്തും.
കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.