ഇരിട്ടി: ആറളത്തെ വന്യജീവി ആക്രണം ഉൾപ്പെടെയുള്ള കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജഡ്ജിമാരുടെ നേതൃത്വത്തിൽ ഫാമും പുനരധിവാസ മേഖലയും സന്ദർശിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നല്കിയ പൊതുതാത്പര്യ ഹർജിയെ തുടർന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവരാണ് ഇന്നലെ ആറളം ഫാമിൽ സന്ദർശനം നടത്തിയത്. ഹർജിയിൽ നേരത്തേ തന്നെ കർശനമായ ഇടപെടൽ ജഡ്ജിമാർ നടത്തിയിരുന്നു.
ആറളത്ത് ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ നിർദേശിക്കുകയും ഫാമിലും പുനരധിവാസ മേഖലയിലും നടത്താൻ സാധിക്കുന്ന ഇടപെടലുകൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ വിശദീകരണവും ഇവർ തേടിയിരുന്നു.
കൂടാതെ ഹൈക്കോടതി കഴിഞ്ഞ മാസം 28 ന് എല്ലാ ബുധനാഴ്ചയും ആറളം വിഷയത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സിറ്റിംഗ് നടത്താനും സ്വമേധയാ തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ ഫാം നേരിൽക്കണ്ട് കാര്യങ്ങൾ വിലയിരുത്താൻ ജഡ്ജിമാർ സ്വമേധയാ തീരുമാനമെടുത്ത് സ്ഥലത്തെത്തിയത്. നാലു മണിക്കൂറോളം ഫാമിലും പുനരധിവാസ മേഖലയിലും ആയി ചെലവഴിച്ച ജഡ്ജിമാർ കളക്ടർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ഫാം പ്രധാന ഓഫിസിൽ ഉദ്യോഗസ്ഥതല അവലോകന യോഗവും ചേർന്നു.
പ്രതിനിധികൾ നല്കിയ വിശദീകരണങ്ങളും ശിപാർശകളും ടാസ്ക് ഫോഴ്സ് അംഗങ്ങൾ ഉൾപ്പെടെ നല്കിയ നിർദേശങ്ങളും ജഡ്ജിമാർ കേട്ടു. ഫാമിൽ ഒരുക്കിയ കാട്ടാന പ്രതിരോധ വേലികൾ, ബ്ലോക്ക് 13 ലെ 55 മുതൽ വളയംചാൽ വരെ നിർമാ ണം പാതി വഴിയിൽ അവശേഷിപ്പിച്ച ആനമതിൽ, കോട്ടപ്പാറയിൽ അനെർട്ട് നിർമിച്ച സോളർ തൂക്കു വേലി, ആർആർടി നിർമിച്ച താത്കാലിക വേലി, ആന സ്ഥിരം ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കു ന്ന പഴയ മതിൽ പൊളിഞ്ഞ ഭാഗങ്ങൾ എന്നിവയും ജഡ്ജിമാർ സന്ദർശിച്ചു. പുനരധി വാസമേഖല യിൽ മിനി ഗോപിയുടെ വീട്ടിലെത്തി കാട്ടാന കൃഷി നശിപ്പിച്ചതു നേരിൽ കണ്ടു. കൈവശരേഖ ഇല്ലാത്ത കുടുംബങ്ങളെയും സന്ദർശിച്ചു.
ഹർജിക്കാരൻ ബൈജു പോൾ മാത്യൂസ്, കളക്ടർ അരുൺ കെ.വിജയൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഫി, ആറളം ഫാം എംഡി എസ്. സുജീഷ്, കണ്ണൂർ ഡിഎഫ്ഒ എസ്. വൈശാഖ്, ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി. നിതീഷ്കുമാർ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ഐടിഡിപി പ്രോജക്ട് ഓഫിസർ കെ. ബിന്ദു, പൊതുമരാമത്ത്, പോലീസ്, കൃഷി വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു.