കണ്ണൂർ: കാടാച്ചിറയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേർക്കു പരിക്കേറ്റു. കൂത്തുപറന്പിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടി ബസും കണ്ണൂരിൽനിന്ന് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. കാടാച്ചിറ ഡോക്ടർ മുക്കിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം.
റോഡിലെ വളവിനോട് ചേർന്ന ഭാഗത്ത് ഇരുബസുകളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇരുബസിലെയും ഡ്രൈവർമാർക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കണ്ണൂരിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. നരവൂർ സ്വദേശി ഗീത (53), എടക്കാട് സ്വദേശി രവീന്ദ്രൻ (71), പിണറായിലെ പ്രജീഷ് (45), കണ്ണവത്തെ ദിലീപ് (46), കോയ്യോട്ടെ പ്രസീത (54), മാനന്തേരി സ്വദേശികളായ രാജേഷ് (44), ഷാജി (51), പെരളശേരിയിലെ പ്രതിഷ് (50), കൂത്തുപറന്പിലെ മനോഹരൻ (54), മന്പറത്തെ അജയൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
യാത്രക്കാരായ അബ്ദുറസാഖ്, രമ്യ, മനോഹരൻ, രാജാമണി, ബാബു, ചന്ദ്രൻ, രഞ്ജിത്ത്, അബ്ദുൾ ജബ്ബാർ, വിജീഷ്, സുനിൽകുമാർ, സജീവൻ, ബിപിൻ, സുരേശൻ, രാധാകൃഷ്ണൻ, ലത, ജിതേഷ്, ആദിത്യ, സരസ്വതി, ദാസൻ എന്നിവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പലരെയും പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. പൊതുഅവധിയായതിനാൽ ബസുകളിൽ യാത്രക്കാർ കുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.