ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയാക്രമണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള പദ്ധതികൾക്ക് സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശം. കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് ജില്ലാ കളക്ടറും ഡിഎഫ്ഒയും ഹൈക്കോടതിയിൽ സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി പോൾ മാത്യു നൽകിയ പൊതുതാത്പര്യ ഹർജിയിന്മേലാണ് നടപടി. കോടതി നിർദേശപ്രകാരം പ്രാദേശികമായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച കോടതി അടിസ്ഥാനത്തിൽ അടിയന്തര സുരക്ഷാ സംവിധാങ്ങൾ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകാൻ ജില്ലാ കളക്ടർ, ഡിഎഫ്ഒ എന്നിവരോട് നിർദേശിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ ഉപേക്ഷ കൂടാതെ ഫണ്ട് അനുവദിക്കണം എന്നാണ് കോടതിയുടെ കണ്ടെത്തൽ.
ആർആർടി ക്ക് പുതിയ വാഹനം, മൾട്ടി സെൻസർ സർവൈലൻസ് ഡ്രോൺ, 12 ബോർ ഗൺ, ബോഡി പ്രൊട്ടക്ടർ, ഹൈപവർ ലൈറ്റ് തുടങ്ങിയവ വേണ്ടതുണ്ടെന്നാണ് ഡിഎഫ്ഒ കോടതിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്.
കളക്ടറുടെ നിദേശത്തിൽ പൂക്കുണ്ട്, കോട്ടപ്പാറ, ഉപ്പുകുന്ന് തുടങ്ങി ഇപ്പോൾ ആന ഇറങ്ങുന്ന സ്ഥലത്ത് താത്കാലിക വേലി, എട്ടു മാസത്തെ അറ്റകുറ്റപ്പണി, അടിക്കാട് വെട്ടിത്തെളിക്കൽ എന്നിവയുടെ ആവശ്യകതയാണ് പ്രധാനമായും നിർദേശിച്ചത്. ഇവയാണ് കോടതി അംഗീകരിച്ചത്. ഇതു സംബന്ധിച്ച റിപ്പോർട്ട് 30 നുള്ളിൽ കോടതിക്ക് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വനം വകുപ്പ് , ചീഫ് സെക്രട്ടറി, ആറളം വൈൽഡ് ലൈഫ് വാർഡൻ , ജില്ലാ കളക്ടർ, കണ്ണൂർ ഡിഎഫ്ഒ , ആറളം പഞ്ചായത്ത് , ആറളം ഫാമിംഗ് കോർപറേഷൻ എന്നിവരും കേസിൽ കക്ഷികളാണ്.