കണ്ണൂർ: കേരള പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് 28ന് നടക്കും. സൂക്ഷ്മപരിശോധന ഇന്ന് അവസാനിച്ചപ്പോൾ ജില്ലയിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. കെഎപി ബറ്റാലിയനിൽ ഔദ്യോഗിക പക്ഷം ആകെയുള്ള 11 സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ സിറ്റി ജില്ലയിൽ ആകെയുള്ള 54 സീറ്റുകളിൽ 38 സീറ്റിലും ഔദ്യോഗിക പക്ഷത്തിന് എതിരില്ല. എന്നാൽ, റൂറൽ ജില്ലയിൽ ഇത്തവണ കനത്ത പോരാട്ടം നടക്കും. ആകെയുള്ള 31 സീറ്റുകളിൽ 12 എണ്ണത്തിൽ മാത്രമാണ് ഔദ്യോഗികപക്ഷത്തിന് എതിരില്ലാതെ ജയിക്കാനായത്. ശേഷിക്കുന്ന 19 സീറ്റുകളിൽ ഈ മാസം 28ന് മത്സരം നടക്കും. റൂറൽ ജില്ലാ ആസ്ഥാനത്ത് ആകെയുള്ള എട്ടു സീറ്റിലും പയ്യന്നൂർ, പയ്യന്നൂർ കൺട്രോൾ റൂം, പരിയാരം, കുടിയാന്മല, പയ്യാവൂർ, കരിക്കോട്ടക്കരി, ആറളം, ഇരിട്ടി, കേളകം, മാലൂർ, മുഴക്കുന്ന് സ്റ്റേഷനുകളിൽ ഓരോ വീതം സീറ്റുകളിലേക്കുമാണ് മത്സരം. കണ്ണൂർ സിറ്റി ജില്ലയിൽ നിലവിലുള്ള സെക്രട്ടറി ഒഴികെ മത്സരിച്ച മുഴുവൻ ഭാരവാഹികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പോലീസ് ആസ്ഥാനം എട്ട്, കണ്ണൂർ ടൗൺ, തലശേരി രണ്ടു വീതം, ചക്കരക്കൽ, എടക്കാട്, ട്രാഫിക്, വളപട്ടണം സ്റ്റേഷനുകളിൽ ഒന്നു വീതം സീറ്റുകളിലുമാണ് മത്സരം നടക്കുക. ഇത്തവണ ഓദ്യോഗിക പക്ഷത്തിന് ജില്ലയിൽ നിലവിലെ മേധാവിത്വം നിലനിർത്താൻ സാധിക്കാത്ത സ്ഥിതിയാണ് സംജാതമാവുന്നത്.