കുടിയേറ്റത്തിന്റെ വിസ്മയ ഭൂമിയായ മലബാറിന്റെ മണ്ണിൽ ഒരേട് കൂടി പിറക്കുകയാണ്. മണ്ണിൽ വിയർപ്പിന്റെ വീരഗാഥ രചിച്ച കഠിനാദ്ധ്വാനികളും ദീർഘദൃഷ്ടികളുമായ മനുഷ്യരുടെ ചരിത്രതിരുശേഷിപ്പുകൾക്ക് സർക്കാർ ചരിത്ര സ്മാരകമൊരുക്കുന്നു. അതും മലബാറിന്റെ ധീരരായ കർഷകരെ മുന്നിൽനിന്ന് നയിച്ച "മലബാർ മോസസിന്റെ' പേരിൽ- ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം. ചെന്പന്തൊട്ടിയിൽ ഓഗസ്റ്റ് 16ന് മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങുന്പോൾ മലയാളത്തിന്റെ പ്രഥമ ദിനപത്രമായ "ദീപിക' ഓഗസ്റ്റ് രണ്ടിന് പയ്യാവൂരിൽ സംഘടിപ്പിക്കുന്ന "പൈതൃകം' കുടിയേറ്റ സെമിനാറിലൂടെ മലബാർ കുടിയേറ്റത്തിന്റെ സവിശേഷചരിത്രത്തെ ഒരിക്കൽകൂടി പുതുതലമുറയ്ക്കു മുന്നിൽ സമർപ്പിക്കുന്നു, ചർച്ച ചെയ്യുന്നു. അതിനൊപ്പം ആ സാഹസിക മുന്നേറ്റത്തെ നേരിട്ടറിഞ്ഞവരും അനുഭവിച്ചവരും
അഭിമാനം കൊള്ളുന്നവരും ദീപിക ലേഖകരോട്
ഒാർമകൾ പങ്കുവയ്ക്കുന്ന വാർത്താപരന്പര
"പൈതൃകം മലയോരം' ഇന്നു മുതൽ
വനഭൂമികൾ, പേടിപ്പെടുത്തുന്ന വന്യമൃഗങ്ങൾ, ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴകൾ, മലന്പനിയുടെ തേർവാഴ്ച...ഇതൊന്നും വകവയ്ക്കാതെ തിരുവതാംകൂർ-കൊച്ചി രാജ്യങ്ങളിൽനിന്ന് അവർ മലബാറിലേക്ക് കുടിയേറി. റോഡിന് പകരം ആന നടന്ന് തെളിഞ്ഞ വഴികളിലൂടെ ഓരോ പ്രദേശത്തും എത്തി. ജന്മിമാരുടേയും ദേവസ്വങ്ങളുടെയും അവരുടെ ഇടനിലക്കാരുടെയും കൈയിൽനിന്ന് ആധാരം വഴിയോ പാട്ടമായോ ഭൂമി വാങ്ങിച്ചു. കുടിയേറ്റക്കാരുടെ വരവോടെ വെറുതെ കിടന്ന ഭൂമിയാകെ ഉഴുതുമറിക്കപ്പെട്ടു.
കാർഷിക മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ വന്നു. തെങ്ങും കവുങ്ങും റബറും കുരുമുളകും നിറഞ്ഞ ഹരിതാഭയണിഞ്ഞ മലയോരങ്ങളായി. മലയോരങ്ങളെ കൂട്ടിയിണക്കുന്ന നിരവധി പാതകളായി, ചെറുപട്ടണങ്ങളായി, ഏറുമാടങ്ങൾ കെട്ടി രാപ്പാർത്തിരുന്ന സ്ഥലങ്ങൾ മണിസൗധങ്ങളായി.
കുടിയേറ്റക്കാരുടെ വലിയ ശത്രുക്കൾ മലന്പനിയും കാട്ടുമൃഗങ്ങളുമായിരുന്നു. അനേകം, ആളുകൾ മരിക്കുകയും ചിലർ എല്ലാം ഉപേക്ഷിച്ച് തിരിച്ചുപോകുകയും ചെയ്തു. കുടിയേറ്റക്കാരുടെ പുരോഗതി എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു. പള്ളികൾ, മഠങ്ങൾ, അനാഥാലയങ്ങൾ, വിദ്യാലയങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം സർക്കാരിന്റെ സഹായമില്ലാതെ നിർമിച്ചു. ഇന്നു മലബാറിന്റെ മലയോരങ്ങൾ സന്പൽ സമൃദ്ധമായതിന്റെ പിന്നിൽ മണ്ണിന്റെ മക്കളുടെ അദ്ധ്വാനമാണ്. കെട്ടുകഥകളെന്നുപോലും വെല്ലുന്ന ജീവിതാനുഭവങ്ങളിലൂടെ വിയർപ്പും രക്തവും ജീവനും നൽകി നേടിയെടുത്ത വാഗ്ദത്തഭൂമി.
കൂലിക്ക് അന്ന് ആരും പറന്പുകളിൽ കൃഷിപ്പണി എടുപ്പിക്കാറില്ലായിരുന്നു..പകരത്തിന് പകരം പണിയെടുക്കുകയായിരുന്നു. മാറ്റാൾ പണിയെന്നാണ് ഇതിനെ വിളിച്ചിരുന്നതെന്ന് മരങ്ങാട്ടുപള്ളി കടപ്ലാമറ്റത്തുനിന്ന് 1954 ൽ ചെന്പേരി വളയംകുണ്ടിലേക്ക് കുടിയേറിയ പുതിയേടത്ത്പറന്പിൽ പി.കെ. കുര്യാക്കോസ് പറയുന്നു.
അച്ഛൻ കുര്യാക്കോസും അമ്മ മറിയാമ്മയും അച്ഛന്റെ അമ്മ റോസയും താനുൾപ്പെടെ ഏഴുമക്കളും കൂടിയാണ് ഇവിടെ എത്തിയത്. ഏരുവേശിയിലെ നന്പ്യാരുടെ പക്കൽനിന്നാണ് സ്ഥലം വാങ്ങിയത്. കണ്ണൂരിൽ ട്രെയിനിറങ്ങി ഞങ്ങൾ വളപട്ടണംവരെ നടന്നു. അവിടെനിന്ന് വഞ്ചിയിൽ ചെങ്ങളായിലേക്ക്. ചെങ്ങളായിൽ വഞ്ചിയിറങ്ങി വീണ്ടും നടന്നാണ് ചെന്പേരിയിലെത്തിയത്. അപ്പോൾ, ഇവിടെ കുടിയേറി വന്ന ഏതാനും കുടുംബക്കാർ ഉണ്ടായിരുന്നു. എല്ലാവരും കൂടി പരസ്പരം സഹകരിച്ചായിരുന്നു അന്നത്തെ കൃഷിരീതികൾ.
കപ്പ, നെല്ല്, ഇഞ്ചി, ചേന, ചോളം, മുത്താറി, പച്ചക്കറികൾ എന്നിവ കൃഷി ചെയ്തിരുന്നു. ഉപ്പും ഉണക്കമത്സ്യവും മാത്രം അന്ന് വാങ്ങിയാൽ മതിയായിരുന്നു. കാട്ടുപന്നിയായിരുന്നു കൃഷിക്ക് ഏറ്റവും വലിയ ഭീഷണി. പടക്കം പൊട്ടിച്ച് പന്നിയെ ഓടിച്ചു.
ഇന്ന് കാണുന്ന ചെന്പേരി-വളയംകുണ്ട്-ചുങ്കക്കുന്ന്- ശ്രീകണ്ഠപുരം റോഡ് അന്നത്തെ കൂട്ടായ്മയിൽ നിർമിച്ച റോഡാണ്. പള്ളിയും അച്ചൻമാരും ആയിരുന്നു എല്ലാവരെയും ഒന്നിപ്പിക്കുന്ന കേന്ദ്രം. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കാളവണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ചെന്പേരിയിൽ നിന്നുള്ള ഗതാഗതത്തിന് ആകെയുള്ളത് വാനായിരുന്നു. ഇത് ചെന്പേരി വാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കൃഷി തന്നെയായിരുന്നു അന്നത്തെ പ്രധാന ആശ്രയമെന്നും എന്നാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കിലോമീറ്ററുകൾ താണ്ടണമായിരുന്നുവെന്നും കുര്യാക്കോസ് പറയുന്നു.
മാറ്റിയുടുക്കാൻ ഒരു തോർത്തുമുണ്ട് പോലും ഇല്ല. പകൽ അന്തിയോളം പണികഴിഞ്ഞ് നനഞ്ഞ
തോർത്തുമുണ്ട് ഉടുത്ത് അന്തിയുറങ്ങിയ കാലത്തെക്കുറിച്ചാണ് പാലാ മരങ്ങാട്ടുപള്ളിയിൽ നിന്നും എടൂർ വെമ്പുഴച്ചാൽ പ്രദേശത്ത് എത്തിയ പാരിക്കാപ്പള്ളിൽ കുടുംബത്തിലെ ഇളയ മകൻ പി.വി. ഏബ്രഹാം എന്ന കുഞ്ഞേട്ടന്റെ ഓർമയിലുള്ളത്.1947 ൽ അപ്പന്റെയും അമ്മയുടെയും കൈപിടിച്ച് മൂത്ത സഹോദരങ്ങൾക്ക് ഒപ്പമാണ് മലബാറിൽ എത്തിയത്.
അടുത്ത ബന്ധുക്കളായ ചെമ്പോത്തനാടിയിൽ കുടുംബവും മറ്റ് രണ്ടു സഹായികളുടെ കുടുംബവും കൈക്കുഞ്ഞുങ്ങളുമായി തലശേരിയിൽ ട്രെയിൻ ഇറങ്ങി ബസിൽ ഇരിട്ടിയിലേക്ക്. ഇരിട്ടിയിൽ നിന്നും കാൽനടയായി കൈക്കുഞ്ഞുങ്ങളും ഒക്കെയായി ഒരുപറ്റം ആളുകൾ. കിടക്കാൻ ഇടമില്ല. കഴിക്കാൻ ഭക്ഷണമില്ല. അസുഖം പിടിപെട്ടാൽ വൈദ്യൻ പോലുമില്ല
പുല്ലുകൊണ്ട് മേഞ്ഞ ഒരു ഷെഡിലായിരുന്നു താമസം. പണിക്കും സഹായത്തിനുമായി കൂടെ കൊണ്ടുവന്ന സഹായിയുടേത് ഉൾപ്പെടെ നാലു കുടുംബങ്ങൾ ഒരു കുടിലിൽ ഒന്നിച്ച്. ഭക്ഷണം ഉണ്ടാകാം. ഇല്ലെങ്കിൽ വയറുനിറച്ച് വെള്ളം കുടിക്കും. പണി ചെയ്തു ക്ഷീണിച്ചതുകൊണ്ട് വിശപ്പറിയാതെ കിടന്നയുടനെ ഉറങ്ങിപ്പോകും.
മാസത്തിൽ ഒരിക്കൽ വീട്ടുസാധനങ്ങൾ വാങ്ങാൻ എല്ലാവരും ഒന്നിച്ച് കിലോമീറ്ററുകൾ നടന്നു വേണം പോകാൻ. പുഴയ്ക്ക് പാലമില്ല, നീന്താൻ അറിയുന്നവർ മൂന്നോ നാലോപേർ ചേർന്ന് അത്യാവശ്യക്കാരെ പുഴ കടത്തിവിടും. റോഡില്ല, ആന മരം വലിച്ച ചാലുകളാണ് അന്നത്തെ നടവഴി. മഴക്കാലമായാൽ കോളിക്കടവ് പുഴകടന്ന് ഇരിട്ടിയിൽ എത്തുന്നത് ജീവന്മരണ പോരാട്ടമായിരുന്നു.
അന്നത്തെ കുടിയേറ്റക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം എന്നത് മാസത്തിൽ ഒരിക്കൽ ഒരു ദിവ്യബലിയിൽ പങ്കെടുക്കാൻ കഴിയണം എന്നായിരുന്നു. പിന്നീടത് മാസത്തിൽ ഒരിക്കൽ ഒത്തുചേരുമ്പോൾ ഒരു ഷെഡിന് വേണ്ടിയായിരുന്നു.
ആഗ്രഹം പിന്നീട് ഒരു കുരിശടി സ്ഥാപിക്കാനായി വളർന്നു. കുരിശടി വളർന്ന് പള്ളിയിലേക്കും പള്ളിക്കൂടങ്ങളിലേക്കും വഴി-പാലം എന്നീ ആവശ്യങ്ങളിലേക്കും വളർന്നുവെന്നും ഏബ്രഹാം പറയുന്നു.