കാസര്‍ഗോഡ്: വിനോദസഞ്ചാരമേഖലയില്‍ വടക്കന്‍മലബാറിന്റെ ഹബ്ബാകാന്‍ ഒരുങ്ങുകയാണ് കാസര്‍ഗോഡ്. ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങളും പ്രകൃതി കനിഞ്ഞു നല്കിയ കടലും കായലും പുഴകളും മണ്ണില്‍ അലിഞ്ഞുചേര്‍ന്ന തുളുനാടന്‍ സംസ്കൃതിയും എല്ലാം ചേര്‍ന്നുള്ള ടൂറിസം സാധ്യകളെ കൈയെത്തിപ്പിടിക്കാനുള്ള സത്വര പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്നത്.
ബിആര്‍ഡിസിയുടെ കടന്നുവരവോടെ ജില്ലയിലെ ടൂറിസം രംഗം വേഗത്തില്‍ വളര്‍ന്നുതുടങ്ങി. 1995ല്‍ ബിആര്‍ഡിസി രൂപീകരിക്കുന്നതിന് മുന്‍പ് 50,000 സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്ന ബേക്കലില്‍ ഇന്ന് അഞ്ചു ലക്ഷത്തില്‍ അധികം ആളുകള്‍ എത്തുന്നു. ബേക്കല്‍ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് 32 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
150 കോടിയുടെ നിക്ഷേപമാണ് ഇത്. ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്നില് ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് 2024 ഡിസംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ബിആര്‍ഡിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്കുള്ള റോഡ് നവീകരിച്ച് ഒരു ഭാഗത്ത് നടപ്പാത നിര്‍മിക്കുകയും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്തതോടെ സഞ്ചാരികള്‍ക്ക് കോട്ടയിലെത്താന്‍ കൂടുതല്‍ സൗകര്യമായി. പാര്‍ക്കിനകത്ത് ശുചിമുറിയും ബേക്കല്‍ കോട്ടയില്‍നിന്നും ബീച്ചിലേക്ക് നടന്നു പോകുന്ന സഞ്ചാരികള്‍ക്കായി കെഎസ്ടിപി റോഡിനു ഇരുവശത്തുമായി ടൈല്‍ പാകിയ നടപ്പാത നിര്‍മിച്ചും കോട്ടയാത്രയ്ക്ക് ഭംഗി കൂട്ടി. ബേക്കല്‍ റെയില്‍വേ പാലത്തിന് അടിവശത്തായി മുള കൊണ്ടുള്ള ജൈവവേലി ഉണ്ടാക്കുകയും രണ്ടു വശങ്ങളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ കാസര്‍ഗോഡ് ജനത ഏറ്റെടുത്തു. മംഗളൂരു, കണ്ണൂര്‍ വിമാനത്താവളങ്ങളും നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66, മലയോര ഹൈവേ എന്നിവ ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടും.
റാണിപുരം
കാഴ്ചകള്‍ക്ക് മാറ്റുകൂടും
കേരളത്തിന്റെ ഊട്ടിയായ റാണിപുരത്തിന് ഇനി മിഴിവേറും. സൗന്ദര്യവത്കരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള 12 മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കോംപ്ലക്സില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുന്നു. 65 ലക്ഷം രൂപ ചെലവില്‍ ഗസ്റ്റ് ഹൗസ് നവീകരണം, 13 ലക്ഷം രൂപ ചെലവില്‍ ശുചിമുറികളുടെയും കോട്ടേജുകളുടെയും നവീകരണം, പവലിയന്റെയും മീറ്റിംഗ് ഹാളിന്റെയും നവീകരണം തുടങ്ങിയവയാണ് നവീകരണ പദ്ധതികളുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇരിപ്പിടങ്ങള്‍, റീടെയ്നിംഗ് വാള്, സ്വിമ്മിംഗ് പൂള്, എന്‍ട്രന്‍സ് ഗേറ്റ്, കോന്പൗണ്ട് വാള്, ലാന്‍ഡ്സ്കേപ്പിംഗ്, വിവിധ കളിയുപകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകുന്നു.
ഗ്രാമക്കാഴ്ചകളുടെ
വിസ്മയം തീര്‍ക്കാന്‍
ഉത്തരവാദിത്ത ടൂറിസം മിഷന്
ഗ്രാമീണജീവിതം മെച്ചപ്പെടുത്തുകയും അതുവഴി ഗ്രാമത്തിലേക്ക് വരുമാനം എത്തിക്കുകയും ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള ഗ്രാമവികസനവുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കു കൂടുതല്‍ സഹായങ്ങളൊരുക്കുക, അങ്ങനെ കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഉന്നമിടുന്നു. ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ ആണ് മുന്നോട്ടുപോകുന്നത്. ചെറുതും വലുതുമായ ആയിരക്കണക്കിന് യൂണിറ്റുകള്‍ ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതുവഴി യൂണിറ്റുകള്‍ക്ക് നിത്യവരുമാനവും ലഭിച്ചു തുടങ്ങി.
ജില്ലയില്‍ പ്രധാനമായും മൂന്നു വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകളാണുള്ളത്. ബേക്കല്‍ വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്, വലിയപറമ്പ് പാക്കേജുകള്‍ (രണ്ടെണ്ണം) എന്നിവ. കാസര്‍ഗോഡിന്റെ വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് അഥവാ ഗ്രാമീണ ജനജീവിതങ്ങളുടെ നേര്‍ക്കാഴ്ച കാണാന്‍ നിരവധി ആള്‍ക്കാരാണ് എത്തിച്ചേരുന്നത്.
ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ഗ്രാമീണ കാഴ്ച കാണാനും മറ്റു സംസ്ഥാനങ്ങളിലെ കാഴ്ചകള്‍ കാണാനും സഹായിക്കുന്ന ടൂര്‍ പാക്കേജ് ആര്‍ടി മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ നടത്തി വരുന്നുണ്ട്. ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത്, ബാനം കേന്ദ്രീകരിച്ച് തുരങ്ക പാക്കേജും ഉത്തരവാദിത്ത ടൂറിസം മിഷന് നടത്തിവരുന്നുണ്ട്.
ഫാം ടൂറിസം നടപ്പിലാക്കുക എന്ന് ഉദ്ദേശത്തോടെ സംരംഭകര്‍ക്ക് പരിശീലനംനല്കുകയും അതുവഴി നിരവധി ഫാം ടൂറിസം യൂണിറ്റുകള്‍ ജില്ലയില്‍ നിലവില്‍ വരുകയും ചെയ്തിട്ടുണ്ട്. സ്ത്രീ സൗഹാര്‍ദ്ദ ടൂറിസം പദ്ധതിയും ജില്ലയില്‍ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി ട്രെയിനിംഗ് ലഭിച്ച റിസോഴ്സ് പേഴ്സണ്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തെയ്യം കാലഘട്ടത്തില്‍ തെയ്യം പാക്കേജും നടപ്പിലാക്കുന്നു. തെയ്യം കാണാന്‍ മാത്രമായി നിരവധി വിദേശിയരും സ്വദേശീയരും എത്തുന്നുണ്ട്. സ്ട്രീറ്റ് (Sustainable Tangible Responsible Experiential Ethnic Tourism) പദ്ധതിക്കായി സംസ്ഥാനത്തു തന്നെ തെരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളില്‍ ഒന്നാണ് വലിയപറമ്പ. സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ എന്ന ലക്ഷ്യത്തോടെ നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ശുഭയാത്രയൊരുക്കി
യാത്രാശ്രീ
ടൂറിസം മേഖലയില്‍ പെണ്‍കരുത്ത് തെളിയിച്ച് ജില്ലയിലെ യാത്രാശ്രീ അംഗങ്ങള്‍. കുടുംബശ്രീമിഷനുമായി ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതിയില്‍ ചെമ്മനാട്, ഉദുമ, പള്ളിക്കര, ഈസ്റ്റ് എളേരി, മടിക്കൈ, വലിയപറമ്പ് പഞ്ചായത്തുകളിലെ വനിതകളാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
2022 മേയിൽ തദ്ദേശസ്വയംഭര വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ നവംബര്‍ മാസം ആദ്യ ട്രിപ്പ് നടത്തി. 2025 നവംബറില്‍ ട്രിപ്പുകള്‍ തുടങ്ങി മൂന്നുവര്‍ഷം തികയാനിരിക്കെ ഇതുവരെ 100 ലധികം ട്രിപ്പുകള്‍ ജില്ലയ്ക്കകത്തും പുറത്തും നടത്തിയ അനുഭവമാണ് ഇവര്‍ക്ക് പറയാനുള്ളതത്. റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങള്‍ ട്രിപ്പുകള്‍ക്കായി തെരഞ്ഞെടുക്കുന്നു.
വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ മാത്രമുള്ള യാത്രകള്‍, പുരുഷന്മാര്ക്ക് മാത്രമുള്ള യാത്രകള്‍, ഫാമിലി ട്രിപ്പുകള്‍ തുടങ്ങി വിവിധ വിഭാഗക്കാര്‍ക്ക് യാത്രാനുഭവം നല്‍കിവരുന്ന പദ്ധതി ജില്ലയ്ക്ക് അഭിമാനകരമാണ്. ബിആര്‍ഡിസി, കുടുംബശ്രീ എന്നിവ സംയുക്തമായാണ് യാത്രാശ്രീ എന്നപേരില്‍ ടൂര്‍ ഓപ്പറേഷന് ഡിവിഷന് ഉണ്ടാക്കി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്.
യാത്രികര്‍ക്ക് നവ്യാനുഭവം നല്കുന്ന പൊസഡിഗുംപെ പദ്ധതി പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. കാഞ്ഞങ്ങാട് കൈറ്റ് ബീച്ച്, നീലേശ്വരം അഴിത്തല ടൂറിസം പദ്ധതി, ചെമ്പരിക്ക ബീച്ച് പദ്ധതി, കണ്വതീര്‍ത്ഥ പദ്ധതി എന്നിവ ജില്ലയുടെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തും.