പത്തനംതിട്ട: ജൂണ്‍, ജൂലൈ മാസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ മയക്കുമരുന്ന്, അബ്കാരി, കോട്പ കേസുകളിലായി 1121 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മയക്ക് മരുന്നു കേസുകളില്‍ 102 പേരും അബ്കാരി കേസുകളില്‍ 349 പേരും കോട്പ കേസുകളില്‍ 670 പേരും ഉള്‍പ്പെടുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം. സൂരജ് പറഞ്ഞു.
17.688 കിലോ ഗ്രാം കഞ്ചാവ്, എട്ട് കഞ്ചാവ് ചെടി, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, 383.68 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യം, 987 ലിറ്റര്‍ കോട, 30.40 ലിറ്റര്‍ ചാരായം, 20.910 കിലോ ഗ്രാം പുകയില ഉത്പന്നങ്ങളും 7970 രൂപയും പിടിച്ചെടുത്തു. 41 വിദേശമദ്യ ഷോപ്പുകളും 434 കള്ള് ഷാപ്പുകളും പരിശോധന നടത്തി.വിദേശമദ്യ ഷാപ്പുകളില്‍ നിന്നും ഒമ്പതും കള്ള് ഷാപ്പുകളില്‍ നിന്ന് 79 ഉം സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട് 3571 വാഹനങ്ങള്‍ പരിശോധിച്ചു. രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു.
1599 പരിശോധനകളാണ് നടത്തിയതെന്നും കോട്പ കേസുകളില്‍ 1.34 ലക്ഷം രൂപ പിഴ ഈടാക്കിയതായും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഓണാഘോഷം മുന്നില്‍ കണ്ട് സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ് തയാറാക്കിഎന്ഡിപിഎസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലിലാക്കും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്ന വോള്‍വോ ബസുകള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയിലും ജില്ലാ അതിര്‍ത്തികളില്‍ എക്സൈസ് ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി കൂടുതല്‍ പരിശോധനകള്‍ നടത്തും. വനിതാ കുറ്റവാളികളെ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സഹായത്തോടുകൂടി നിരീക്ഷണം നടത്തും.
പൊതുജനങ്ങള്‍ക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9447178055, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പത്തനംതിട്ട- 9496002863, കണ്ട്രോള് റൂം നമ്പര്‍-0468 2222873, ജില്ലാ നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫീസ്-04682351000, 9400069473എന്ന നമ്പരുകളിലേക്കോ, 155358 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടണം.