പത്തനംതിട്ട: പാമ്പും പന്നിയും മാത്രമല്ല, കടുവയും പുലിയും വരെ ജനങ്ങൾക്കിടയിലേക്ക് ഓടിയെത്തിത്തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലായി. ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പു മുതൽ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെട്ട പലർക്കും പക്ഷേ കൃത്യമായി നഷ്ടപരിഹാരം ലഭിക്കാറുമില്ല.
റാന്നി, കോന്നി വനം ഡിവിഷനുകളിലാണ് വന്യമൃഗ ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നത്. ഇതിൽ കോന്നി ഡിവിഷനു കീഴിൽ ഈ വർഷം ഏതാണ്ട് 200-ൽ അധികം അപേക്ഷകളാണു ലഭിച്ചത്. ഇതിൽ കുറച്ച് അപേക്ഷകൾക്ക് താത്കാലിക പരിഹാരം ഉണ്ടായി.
വന്യമൃഗ ആക്രമണത്തിൽ ഒന്നിലധികം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ സർക്കാർ അനുവദിക്കുന്ന ഫണ്ട് ലഭിക്കുന്ന മുറയ്ക്കാണ് അപേക്ഷകർക്കു നഷ്ടപരിഹാരം നൽകുന്നതെന്നും അപേക്ഷിച്ചു മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം,ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതു സർക്കാർ വിലക്കിയിട്ടുണ്ടെന്നും സംസ്ഥാനതലത്തിൽ വനംവകുപ്പ് ഓഫീസിൽ നിന്നു മാത്രമേ ഇതുസംബന്ധിച്ച വിവരങ്ങൾ നൽകാവൂ എന്നാണു നിർദേശമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടുപന്നികൾ നാട്ടിൻപുറങ്ങളിലും
വനാന്തര ഗ്രാമങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നികൾ ഇപ്പോൾ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും നഗര പ്രദേശങ്ങളിലേക്കുമടക്കം എത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ മുണ്ടുകോട്ടയ്ക്കൽ, വെട്ടിപ്രം, വല്യയന്തി മേഖലയിൽ പന്നിശല്യം രൂക്ഷമാണ്.
മൈലപ്ര, നാരങ്ങാനം, വള്ളിക്കോട്, പ്രമാടം, മലയാലപ്പുഴ, ഇലന്തൂർ, ചെറുകോൽ, അയിരൂർ പഞ്ചായത്തുകളിലും പന്നികളുടെ ആക്രമണം മൂലമുള്ള കൃഷിനഷ്ടം ഏറെയാണ്. റാന്നി പെരുനാട്, വടശേരിക്കര, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, കൊറ്റനാട് പഞ്ചായത്തുകളിലും റാന്നി ടൗണിലുമടക്കം പന്നികളുടെ ശല്യമുണ്ട്.
കോന്നി, വകയാർ, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊടുമൺ, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവ വരുത്തിയത്. പന്തളം ടൗണിന്റെ പരിസര മേഖലകളിലുമടക്കം പകൽപോലും പന്നികളെ കാണുന്നതു പതിവായി. അടൂർ നഗരസഭയും പന്നിപ്രശ്നത്തിൽനിന്നു മുക്തമല്ല.
മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങൽ, എഴുമറ്റൂർ, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിലും ശല്യം രൂക്ഷമാണ്. കോയിപ്രം, തോട്ടപ്പുഴശേരി, ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യമുണ്ട്. ജില്ലയിലെ 26 കേന്ദ്രങ്ങളാണു കാട്ടുപന്നിശല്യമുള്ള ഹോട് സ്പോട്ടുകളായി വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ശല്യം രൂക്ഷമായ പലമേഖലകളും ഇതിലുൾപ്പെട്ടില്ലെന്ന പരാതിയും വ്യാപകമാണ്.
കാട്ടാനകൾ കൂട്ടമായി എത്തുന്ന ഗ്രാമങ്ങൾ
ആനകൾ ഒറ്റതിരിഞ്ഞും കൂട്ടമായും ഗ്രാമ പ്രദേശങളിൽ എത്തുന്നുണ്ട്. ഇവ വരുത്തുന്ന നാശം ചില്ലറയല്ല തെങ്ങുകളും കമുങ്ങുകളും ഇവ നശിപ്പിച്ചാണ് മടങ്ങുന്നത്.
ആനകൾ സോളാർ വേലി തകർത്ത് പുറത്തിറങ്ങിയതോടെ ഇവരെ കാടിനുള്ളിൽ തടയാനുള്ള കർഷകരുടെ ശ്രമവും വിഫലമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കല്ലേലി ,പാടം മേഖലകളിൽ ആനകൾ ഭീഷണി ഉയർത്തിയിരുന്നു.
കാടിറങ്ങുന്ന പുലിയും കടുവയും
കാടിനുള്ളിൽനിന്നു വനാന്തര ഗ്രാമങ്ങളിലെ വളർത്തു മൃഗങ്ങളെ തേടി ഇറങ്ങുന്ന പുലി വലിയ ഭീഷണിയാണ്. ഇവ എവിടെയാണ് പതുങ്ങി ഇരിക്കുന്നതെന്ന് ആർക്കും മുൻധാരണ ഇല്ലാത്തതും ഭീഷണി ഇരട്ടിപ്പിക്കുന്നു. കാട്ടുനായ്ക്കളും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇവർക്ക് ഒപ്പം കുറുക്കൻമാരുടെയും ശല്യമുണ്ടെന്ന് കർഷകർ പറയുന്നു.